ഭൂട്ടാനിൽ നിന്നു പട്ടാള വണ്ടികൾ ഉൾപ്പെടെ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ ഒരു ആഡംബര കാർ കൂടി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മുക്കത്തെ ഒരു ഗാരിജിനു സമീപത്താണ് ഈ വാഹനം കണ്ടെത്തിയത്.കൊച്ചി കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുമ്ഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽ നിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
മുക്കത്തേത് ഉൾപ്പെടെ നാൽപതോളം വാഹനങ്ങളാണ് സംസ്ഥാനത്തുടനീളം ഇതുവരെ പിടിച്ചെടുത്തത്. അതേസമയം ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. നൂറ്റിയൻപതോളം കാറുകൾ ഉടമസ്ഥർ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നാണ് സൂചന. ഇവ കണ്ടെത്താൻ മോട്ടർ വാഹനവകുപ്പടക്കം മറ്റ് ഏജൻസികളുടെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. മുക്കത്ത് നിർത്തിയിട്ട കാറിൽ നിന്നു ഉടമസ്ഥ രേഖകൾ കീറിയ നിലയിൽ കണ്ടെടുത്തു.
ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള രേഖകളാണിത്. കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത കാർ മുക്കത്തെ ഗാരിജിൽ സൂക്ഷിച്ചിരിക്കുകയാണ്. കസ്റ്റംസ് തിരയുന്ന മറ്റൊരു ആഡംബര കാർ മോട്ടർ വാഹന വകുപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

