ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തിനും നിശ്ചിത തീയതി പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് ആസന്നമായ ജമ്മു കശ്മീരിനുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി പദ്ധതികൾ വർഷിക്കുകയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് ഏതുവിധേനയും വിജയം നേടിയെടുക്കുകയെന്ന ദുഷ്ടലാക്കോടെയാണ് ഇത്തരം പ്രഖ്യാപനങ്ങൾ തുടരുന്നത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗുജറാത്തിലും കശ്മീരിലും അദ്ദേഹത്തിന്റെ വൻ പ്രഖ്യാപനങ്ങളുണ്ടായത്. യഥാർത്ഥത്തിൽ ഫെഡറൽ സംവിധാന ലംഘനത്തിന്റെയും പ്രാദേശിക പക്ഷപാതിത്വത്തിന്റെയും പ്രകടമായ ഉദാഹരണങ്ങളാണ് ഇവയെല്ലാം. 20,000 കോടി രൂപയുടെ പദ്ധതികളാണ് ബുധനാഴ്ച പ്രധാനമന്ത്രി ഗുജറാത്തിലെ ഒരു മേഖലയ്ക്കു മാത്രമായി പ്രഖ്യാപിച്ചത്. ആദിവാസി ഭൂരിപക്ഷ പ്രദേശമായ ദഹോദിൽ അത്രയും തുക കേന്ദ്ര സർക്കാർ മുതലിറക്കി ഇലക്ട്രിക് ലോകോ മോട്ടീവ് നിർമ്മാണ ഫാക്ടറി ഉൾപ്പെടെ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദഹോദിനെ തന്നെ തിരഞ്ഞെടുത്തത് യാദൃച്ഛികമായല്ല. ദഹോദ് ജില്ലയിലുള്ള ആറിൽ അഞ്ച് മണ്ഡലങ്ങളും പട്ടികവർഗ സംവരണമാണ്. ഇതിൽ മൂന്നിലും കഴിഞ്ഞ തവണ ജയിച്ചത് കോൺഗ്രസ് പ്രതിനിധികളായിരുന്നു. ബിജെപി ജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്നിലാകട്ടെ 2711 വോട്ടിന്റെ മാത്രം ഭൂരിപക്ഷവും. കൂടാതെ സംസ്ഥാനത്തെ 24 പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ 14ലും കോൺഗ്രസാണ് ജയിച്ചത്. ഒമ്പത് ബിജെപി പ്രതിനിധികളും ഒരു ജെഡിയു പ്രതിനിധിയും ജയിച്ചു. സംസ്ഥാനത്തെ ആദിവാസി മണ്ഡലങ്ങളിൽ ബിജെപിക്കുള്ള പിന്നാക്കാവസ്ഥ പുത്തൻ പദ്ധതി പ്രഖ്യാപനം നടത്തിയുള്ള പ്രലോഭനത്തിലൂടെയെങ്കിലും മറികടക്കാനാവുമോയെന്ന ചിന്തയിൽ നിന്നാണ് ഒരു ജില്ലയിലെ പ്രത്യേക മേഖലയിൽ ഇത്രയധികം തുക ചെലവഴിക്കുന്നതിനുള്ള പ്രേരണയുണ്ടായത്. കശ്മീരിനായി 20,000 കോടിയുടെ വികസന പദ്ധതികളാണ് ഞായറാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തിയതിനു പുറമെയാണ് 25 കൊല്ലത്തിനുശേഷം കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രഖ്യാപിച്ച് വികസന പദ്ധതികൾ മുന്നോട്ടുവച്ചിരിക്കുന്നത്. ഒരുവർഷം മുമ്പ് അഞ്ച് സംസ്ഥാന നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ. അതിൽ തങ്ങൾക്ക് അധികാരം നിലനിർത്തുകയോ പിടിച്ചെടുക്കുകയോ ചെയ്യണമെന്ന് താല്പര്യമുള്ള മൂന്നിടങ്ങളിലും പതിനായിരക്കണക്കിന് കോടി രൂപയുടെ പദ്ധതി പ്രഖ്യാപനങ്ങളാണ് മോഡി നടത്തിയത്. അസം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലായിരുന്നു അത്. പുതുച്ചേരിയിൽ കോൺഗ്രസിനായിരുന്നു ഭരണമുണ്ടായിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയ ചിലർ ചേർന്ന് ബിജെപിക്ക് ഭരണ സാധ്യതയുണ്ടാക്കി. അതുവരെ അവഗണന നേരിട്ട പുതുച്ചേരിക്ക് അതോടെ ശാപമോക്ഷമായി. ഫെബ്രുവരിയിൽ പ്രത്യേക സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്ഥാനത്തെ വാണിജ്യ, വിദ്യാഭ്യാസ, വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് കേന്ദ്ര സഹായം വാഗ്ദാനം നല്കി.
ഇതുകൂടി വായിക്കാം; ജനക്ഷേമ പദ്ധതികള്‍ക്കെതിരെ വാളോങ്ങി ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം
കായികരംഗത്ത് പല പദ്ധതികളും പ്രഖ്യാപിച്ച് ശിലാസ്ഥാപനം നടത്തുകയും ചെയ്തു. അസമിൽ 600 കോടിയിലധികം രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പ്രഖ്യാപിച്ചത്. 2021 ഫെബ്രുവരിയിലായിരുന്നു ഇത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വൻകിട യൂണിറ്റ്, സംഭരണശാല, എൻജിനീയറിങ് കോളജ്, ഭൂരഹിതർക്ക് ഭൂമി നല്കുന്നതിനുള്ള പദ്ധതി, റോഡ് വികസന പദ്ധതി എന്നിവയെല്ലാമാണ് അസമിനു വേണ്ടി പ്രഖ്യാപിക്കുകയും ഉദ്ഘാടന മാമാങ്കം നടത്തുകയും ചെയ്തത്. തമിഴ്‌നാട്ടിൽ അന്ന് അധികാരത്തിലുണ്ടായിരുന്ന എഐഎഡിഎംകെയുമായി ചേർന്നുനിന്ന് ഭരണ പങ്കാളിത്തം നേടാമെന്ന പ്രതീക്ഷയിലായിരുന്നു അവിടേക്ക് പദ്ധതി പ്രഖ്യാപനങ്ങളും ഉദ്ഘാടന, ശിലാസ്ഥാപന മാമാങ്കങ്ങളും 2021 ഫെബ്രുവരിയിൽ നടത്തിയത്. പക്ഷേ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്ക്കുകയും ഭരണ വിരുദ്ധ തരംഗം ആഞ്ഞടിക്കുകയും ചെയ്തപ്പോൾ തമിഴ്‌നാട്ടിലെ ബിജെപി സ്വപ്നം കടലിൽ അലിഞ്ഞു. നേരിയൊരു സാധ്യത ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ബംഗാളിലും ചില പദ്ധതി പ്രഖ്യാപനങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു ശേഷം പോലും ചിലതിന്റെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നേരിട്ട് നടത്തിയത് വിവാദമാവുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തെ പൂർണമായും പദ്ധതി പ്രഖ്യാപനങ്ങളിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും ഇതേ സമീപനമാണ് മോഡിയും ബിജെപിയും സ്വീകരിച്ചത്. ഉത്തർപ്രദേശിൽ സ്വയം സഹായ സംഘങ്ങൾക്കുള്ള 1000 കോടി രൂപ ബാങ്കിലേക്ക് നല്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നേരിട്ടെത്തി നിർവഹിച്ചത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസമായിരുന്നു. ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് സഹായം ലഭ്യമാകുന്ന 20 കോടി രൂപയുടെ പദ്ധതിയും അദ്ദേഹം തുടങ്ങിവച്ചു. 2021 ഒക്ടോബർ, നവംബർ മാസങ്ങളിൽ 22,496 കോടി രൂപയുടെ പൂർവാഞ്ചൽ എക്സ്പ്രസ്‌വേ പദ്ധതി, ബുദ്ധസമൂഹത്തിനുള്ള ആദരമെന്ന് പറഞ്ഞ് കുശിനഗർ വിമാനത്താവളം, ജെവാർ വിമാനത്താവളം എന്നിവയുടെ ഉദ്ഘാടനവും മഹോബ, ഝാൻസി ജില്ലകളിലായി വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും നിർവഹിച്ചു. ഗോരഖ്പുരിൽ മാത്രം 9600 കോടി രൂപയുടെ വികസന പദ്ധതികളാണ് മോഡി ഉദ്ഘാടനം ചെയ്തത്. പദ്ധതികളിൽ ഭൂരിഭാഗവും കേന്ദ്ര സഹായം നിർലോഭം ഒഴുകിയതിന്റെ ഫലം. പഞ്ചാബിൽ മോഡിയുടെ സന്ദർശനം വിവാദമായെങ്കിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി 42,750 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചാണ് അദ്ദേഹം അവിടേക്ക് പുറപ്പെട്ടത്. ഇതിന്റെ തുടർച്ചയായാണ് കശ്മീരിനും ഗുജറാത്തിനുമൊക്കെയായി പുതിയ പ്രഖ്യാപനങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം വൻകിട പദ്ധതികൾ പ്രഖ്യാപിക്കുകയും ഫെഡറലിസത്തിനു വിരുദ്ധമായി സംസ്ഥാനങ്ങളോട് വിവേചനപരമായി പെരുമാറുകയും ചെയ്തുകൊണ്ടിരിക്കെ ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ സമുന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്തുവരികയുണ്ടായി. സാമൂഹ്യക്ഷേമത്തിനായി പ്രഖ്യാപിക്കുന്ന പദ്ധതികൾ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നതായിരുന്നു അവർ ഉന്നയിച്ചതായി പുറത്തുവന്ന വാർത്ത.
ഇതുകൂടി വായിക്കാം; എച്ച്എല്‍എല്ലിനെ കേരളത്തിന് വിട്ടുനല്‍കുക
പാവപ്പെട്ടവർക്കു നല്കുന്ന സൗജന്യങ്ങൾ ഇപ്പോൾ തന്നെ കടക്കെണിയിൽ നില്ക്കുന്ന രാജ്യത്തിന് കൂടുതൽ ബാധ്യത വരുത്തുമെന്നും അത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും ഉദ്യോഗസ്ഥ മേധാവികൾ പ്രധാനമന്ത്രിക്ക് മുന്നിറിയിപ്പ് നല്കിയെന്നായിരുന്നു ഇതുസംബന്ധിച്ച് ചില ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയിലുണ്ടായിരുന്നത്. ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ ഈ മുന്നറിയിപ്പ് നല്കിയത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും കടക്കെണിയും പരിശോധിക്കുമ്പോൾ അത് ശരിയാണെന്ന് തോന്നാവുന്നതുമാണ്. പക്ഷേ ഉദ്യോഗസ്ഥ മേധാവികൾ സാമൂഹ്യക്ഷേമ പദ്ധതികൾക്കായി പണം നീക്കിവയ്ക്കുന്നതിനെ മാത്രമാണ് ചോദ്യം ചെയ്യുന്നത് എന്നിടത്താണ് അതിന്റെ അപകടം പതിയിരിക്കുന്നത്. കോർപറേറ്റുകൾക്ക് നികുതിയിളവ് നല്കിയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റൊഴിവാക്കി രാജ്യത്തിന്റെ പൊതുസമ്പത്ത് സ്വകാര്യ മേഖലയ്ക്ക് നല്കിയും രാജ്യത്തിനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് അവർ ഉത്കണ്ഠാകുലരാകുന്നില്ല. സമ്പന്നർക്ക് അധിക നികുതി ഈടാക്കി വരുമാന വർധന സാധ്യമാക്കാമെന്ന ലളിതമായ സാമ്പത്തിക ശാസ്ത്രം അവർ പോംവഴിയായി ഉപദേശിക്കുന്നുമില്ല. അങ്ങനെ കൂടുതൽ വരുമാനമുള്ളവരെ നികുതി വലയിലേക്ക് കൊണ്ടുവന്നാൽ തങ്ങളും അതിലുൾപ്പെടുമെന്ന സങ്കുചിത ചിന്തയാവാം അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. അതുകൊണ്ടാണ് സാധാരണക്കാർക്ക് ലഭിക്കേണ്ട പരിമിതമായ സാമൂഹ്യക്ഷേമ പദ്ധതികൾ നിർത്തലാക്കണമെന്ന നിർദേശം അവർ മുന്നോട്ടുവയ്ക്കുന്നത്. മാത്രവുമല്ല അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി തെരഞ്ഞെടുപ്പ് അടുത്തെത്തുന്ന ഘട്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തുന്ന വൻതുകയ്ക്കുള്ള പ്രഖ്യാപനങ്ങളും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുന്ന അവരുടെ പരിഗണനയിലെത്തുന്നില്ല. അത്തരം പദ്ധതി പ്രഖ്യാപനങ്ങളിലുണ്ടാകുന്ന പക്ഷപാതിത്വമോ വിവേചമോ അവരുടെ വിഷയമാകുന്നുമില്ല. യഥാർത്ഥത്തിൽ പ്രധാനമന്ത്രി മോഡിയും ആർഎസ്എസ് സംഘപരിവാർ നേതൃത്വവും ഉദ്ദേശിക്കുന്നതുപോലെ ഉദ്യോഗസ്ഥ മേധാവികളും സഞ്ചരിക്കുന്നുവെന്ന് വേണം ഇതിൽ നിന്ന് മനസിലാക്കേണ്ടത്. അല്ലെങ്കിൽ ആദ്യം ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള പ്രധാനമന്ത്രിയുടെ പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രഖ്യാപനങ്ങൾ അവസാനിപ്പിക്കുവാൻ അഭ്യർത്ഥിക്കുകയെന്നതാണ്. അതിന് നട്ടെല്ലുള്ളവരല്ല, ഏറാൻ മൂളികളാണ് തനിക്കൊപ്പമുള്ള ഉദ്യോഗസ്ഥവൃന്ദമെന്ന് നന്നായി അറിയുന്നതുകൊണ്ട് പ്രധാനമന്ത്രി മോഡിക്ക് യഥാവിധി മുന്നോട്ടുപോകുവാൻ സാധിക്കുന്നു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വച്ചുള്ള പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്നത്. ഇത് വിവേചനവും പക്ഷപാതിത്വവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണ്. പച്ചയായ രാഷ്ട്രീയവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥർ നിർദേശിച്ച പ്രതിവിധി സ്വീകാര്യമല്ലെങ്കിലും അവർ നല്കിയ മുന്നറിയിപ്പ് ഗൗരവമുള്ളതാണ്. അതിൽ ഇങ്ങനെയൊരു തിരുത്ത് വേണമെന്നേയുള്ളൂ. കേന്ദ്രം പ്രഖ്യാപിക്കുന്ന വൻകിട പദ്ധതികൾ നമ്മുടെ സമ്പദ്ഘടനയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്ന തിരുത്ത്. അത് ഒരുപക്ഷേ ശ്രീലങ്കയെപ്പോലെ ഇന്ത്യയെയും തകർച്ചയിലെത്തിച്ചെന്നിരിക്കും.