ബൈബിള്‍ വിതരണം ചെയ്യുന്നതോ മതപ്രചാരണം നടത്തുന്നതോ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവര്‍ത്തന നിരോധന നിയമം ചുമത്തി കേസെടുത്ത യുപി പൊലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജസ്റ്റിസ് മഞ്ജു റാണി ചൗഹാനാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ബൈബിളുകളും എല്‍ഇഡി സ്‌ക്രീനും കൈവശം വച്ചു എന്നതിന്റെ പേരില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്നും പ്രലോഭനമോ ബലപ്രയോഗമോ നടന്നതായി തെളിയിക്കാന്‍ സാധിക്കണമെന്നും കോടതി വ്യക്തമാക്കി.
2025 ഓഗസ്റ്റ് 17 ന് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമര്‍ശം. മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായതായി ആരും പരാതി നല്‍കിയിരുന്നില്ല. പ്രതികളില്‍ നിന്ന് ബൈബിളുകളും മതപ്രചാരണത്തിന് ഉപയോഗിക്കുന്ന എല്‍ഇഡി സ്‌ക്രീനും കണ്ടെടുത്തു എന്നതായിരുന്നു പൊലീസിന്റെ പ്രധാന വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ 2021 ലെ മതപരിവര്‍ത്തന നിരോധന നിയമത്തിലെ 3, 5 വകുപ്പുകള്‍ ചുമത്തിയുള്ള അറസ്റ്റിനെയും കോടതി വിമര്‍ശിച്ചു.
ബൈബിള്‍ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ മതം മാറ്റാന്‍ ശ്രമിച്ചാല്‍ മാത്രമേ അത് 2021 ലെ നിയമ പ്രകാരം കുറ്റകരമാകൂ. കേസ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ആരും പരാതിയുമായി മുന്നോട്ട് വരാതിരുന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചത് നിയമത്തിന്റെ ദുരുപയോഗമാണെന്നും കോടതി വിലയിരുത്തി.

