കോഴിക്കോട്: മണ്ണിന്റെ മണമുള്ളതായിരുന്നു ബിച്ചു തിരുമലയുടെ വരികൾ. ആർദ്രമായ സ്നേഹവും നൊമ്പരവും വാത്സല്യവുമെല്ലാം ആ പാട്ടുകളിൽ ചിറകടിച്ചുയർന്നു. പ്രണയത്തിന്റെ തണുപ്പും വിരഹത്തിന്റെ ചൂടും ആ പാട്ടുകൾ നമ്മെ അനുഭവിപ്പിച്ചു. കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളെ ഏറ്റവും ശക്തമായി പ്രേക്ഷകരിലേക്കെത്തിക്കാൻ ബിച്ചു തിരുമലയുടെ ഗാനങ്ങൾക്ക് കഴിഞ്ഞു. ശോകവും ആശയും നിരാശയും പ്രതീക്ഷയുമെല്ലാം അതിന്റെ പൂർണ്ണതയോടെയാണ് ബിച്ചു തിരുമലയുടെ വരികളിലൂടെ നമുക്ക് മുമ്പിലെത്തിയത്. മനുഷ്യവികാരങ്ങളുടെ സമസ്ത ഭാവങ്ങളെയും അദ്ദേഹത്തിന്റെ പാട്ടുകൾ സ്പർശിച്ചു.
വാത്സല്യം തുളുമ്പി നിൽക്കുന്ന നിരവധി പാട്ടുകളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ എന്ന പാട്ട് അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായി. ആരാരോ ആരിരാരോ, ഉണ്ണിയാരാരിരോ തങ്കമാരാരിരോ, രാവു പാതി പോയ് മകനെ ഉറങ്ങു നീ, കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ, കണ്ണോടു കണ്ണോരം, എൻ പൂവേ പൊൻപൂവേ, കണ്ണാം തുമ്പീ പോരാമോ എന്നിങ്ങനെ ആ താരാട്ടുകൾ ഒഴുകിപ്പടരുന്നു. അൽപ്പം മുതിർന്ന കുട്ടികൾക്ക് മുമ്പിൽ പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി, ആളൊരുങ്ങി അരങ്ങൊരുങ്ങി, ചിന്നക്കുട്ടി ചെല്ലക്കുട്ടി, തത്തപ്പെണ്ണേ തഞ്ചത്തിൽ വാ, കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ, എട്ടപ്പം ചുടണം, ചെപ്പടിക്കാരനല്ലാ അല്ലല്ലാ, കാക്കാ പൂച്ച കൊക്കരക്കോഴി വാ, ആലിപ്പഴം പെറുക്കാം തുടങ്ങിയ പാട്ടുകളുമായെത്തി ബിച്ചു അവരുടെ ഹൃദയം കവർന്നു.
കണ്ണും കണ്ണും, മിഴിയറിയാതെ വന്നു, പൂങ്കാറ്റിനോടും കിളികളോടും, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു, സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ തുടങ്ങിയ ഗാനങ്ങളിൽ ആർദ്രമായ പ്രണയത്തിന്റെ തെളിമയും കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി… , കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ… , നീർപളുങ്കുകൾ ചിതറി വീഴുമീ… , മിഴിയോരം നനഞ്ഞൊഴുകും തുടങ്ങിയ പാട്ടുകളിൽ വേദനയുടെ ആഴങ്ങളും ആയിരം കണ്ണുമായി കാത്തിരുന്നു, പാതിരവായി നേരം എന്നിവയിൽ കാത്തിരിപ്പിന്റെ നൊമ്പരവും പ്രേക്ഷകർ അനുഭവിച്ചു.
ഉന്നം മറന്ന്, മച്ചാനേ വാ, ഊട്ടിപ്പട്ടണം, പാവാട വേണം, വെള്ളിച്ചില്ലം വിതറി, ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ, പടകാളി ചണ്ഡി ചങ്കരി, പുത്തൻ പുതുക്കാലം തുടങ്ങി ആഘോഷിക്കാനുള്ള വരികളും അദ്ദേഹത്തിൽ നിന്നുണ്ടായി. ഒരു മയിൽപീലിയായ് ജനിച്ചെങ്കിൽ പോലുള്ള പാട്ടുകളിലൂടെ ഭക്തിയുടെ മറ്റൊരു തലം അദ്ദേഹം അനുഭവിപ്പിച്ചു. നവരാത്രിയുടെ ഉത്സവമേളം നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന പാട്ടിലൂടെ ആസ്വാദകർ അനുഭവിച്ചു. രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല… പഴംതമിഴ് പാട്ടിഴയും… മൈനാകം കടലിൽ നിന്നുയരുന്നുവോ, ‘ഹൃദയം ഒരു ദേവാലയം… ‘, ‘വാകപ്പൂമരം ചൂടും… ’ ’ നക്ഷത്രദീപങ്ങൾ തിളങ്ങി, നീലജലാശയത്തിൽ തുടങ്ങിയ പാട്ടുകളിലൂടെ തത്ത്വചിന്ത കലർന്ന അദ്ദേഹത്തിന്റെ ഭാവനാ വൈവിധ്യവും ആസ്വാദകർ അനുഭവിച്ചറിഞ്ഞു. എടി ഉമ്മർ, ശ്യാം, രവീന്ദ്രൻ, ജി ദേവരാജൻ, ഇളയരാജ തുടങ്ങി എ ആർ റഹ് മാൻ വരെയുള്ള സംഗീത സംവിധായകർക്കൊപ്പമെല്ലാം ബിച്ചു തിരുമല ഹിറ്റുകൾ സമ്മാനിച്ചു.
ജനയുഗത്തിന്റെ സിനിമാ മാസികയായ ‘സിനിരമ’ യിൽ പ്രസിദ്ധീകരിച്ച ബിച്ചു തിരുമലയുടെ ബ്രാഹ്മമുഹൂർത്തത്തിൽ എന്ന കവിത വായിച്ച നിർമ്മാതാവ് സി ആർ കെ നായരാണ് ജയവിജയൻമാരോട് അത് സംഗീതം ചെയ്യാൻ ആവശ്യപ്പെടുന്നത്. യേശുദാസായിരുന്നു ഗായകൻ, എന്നാൽ ഭജഗോവിന്ദം എന്ന ആ സിനിമ പൂർത്തിയായില്ല. പിന്നീട് നടൻ മധുവിന്റെ അക്കൽദാമ എന്ന സിനിമയിൽ ശ്യാം ഈണമിട്ട ഗാനത്തിലൂടെ ബിച്ചു തിരുമല മലയാള സിനിമയിലെത്തി.
ജീവിതം തൊട്ടറിയാനുള്ള കഴിവും ആഴത്തിലുള്ള വായനയുമായിരുന്നു ബിച്ചു തിരുമലയുടെ കരുത്ത്. കോവിഡ് കാലത്ത് ഏകാന്തനായി കഴിയുമ്പോൾ എഴുത്തും വായനയുമായി ഇരിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. വായനാമുറിയോടു ചേർന്നുള്ള ബാൽക്കണിയിൽ ഇരിക്കുമ്പോൾ എഴുതിയയും വായിച്ചതുമായ പാട്ടുകളങ്ങനെ മനസ്സിലേക്ക് ഒഴുകി വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എഴുത്തുകാരൻ യാത്രയായി. അദ്ദേഹത്തിന്റെ പാട്ടുകൾ നമ്മൾക്കിടയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കും.