ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അവസാനമായി. മഴമേഘങ്ങള്‍ ഇന്ത്യയെ വിട്ടകലുന്നത് ഗുജറാത്തിലെ കച്ചിലൂടെയും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലൂടെയുമാണ്. സാധാരണയായി എല്ലാ വര്‍ഷവും കാലവര്‍ഷം വിടവാങ്ങാന്‍ ആരംഭിക്കുക സെപ്റ്റംബര്‍ 17നാണ്. ഒക്ടോബര്‍ 15 ഓടെ രാജ്യത്ത് നിന്ന് മണ്‍സൂണ്‍ പൂര്‍ണമായും പിന്‍വാങ്ങും. എന്നാല്‍ കഴിഞ്ഞവര്‍ഷം പിന്‍വാങ്ങാനാരംഭിച്ചത് ഒക്ടോബര്‍ പകുതിയോടെയാണ്. 1975നുശേഷം ഇപ്രകാരം സംഭവിക്കുന്നത് ഏഴാം തവണയാണ്. 2010നും 2021നുമിടയില്‍ അഞ്ചാം തവണയും.
ജൂണില്‍ കേരളത്തില്‍ ആരംഭം കുറിക്കുന്ന കാലവര്‍ഷം ഒക്ടോബറോടെ വടക്കേ ഇന്ത്യയിലാണ് പിന്‍വാങ്ങുക. ഈ വര്‍ഷം മഴ പൊതുവേ മെച്ചമായിരുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. മിക്ക സംസ്ഥാനങ്ങളിലും ‘നല്ല’ മഴയോ ‘അധികം’ മഴയോ ലഭിച്ചിരുന്നു.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ യുപി, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ ഇക്കുറി നേരിയ മഴക്കുറവ് രേഖപ്പെടുത്തി. ജമ്മുകാശ്മീര്‍, ഹിമാചല്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ആവശ്യമായ മഴ ലഭിച്ചു. സാധാരണ കുറവ് മഴ ലഭിക്കുന്ന രാജസ്ഥാനില്‍ 34 ശതമാനം അധിക മഴ ലഭിച്ചു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. വടക്കുപടിഞ്ഞാറന്‍ മേഖലകള്‍ മൊത്തമായെടുത്താല്‍ സാധാരണ ലഭിക്കുന്നതില്‍ നാല് ശതമാനം കുറവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു.
കേരളത്തില്‍ ഇടവപ്പാതി എന്ന പേരില്‍ അറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യയിലെ കാലാവസ്ഥാ പ്രതിഭാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. രാജ്യത്തെ കൃഷിയുടെ 50 ശതമാനവും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മിക്കവാറും പ്രദേശങ്ങളില്‍ വാര്‍ഷിക വര്‍ഷപാതത്തിന്റെ 80 ശതമാനവും ഈ കാലയളവിലാണ് ലഭിക്കുന്നത്. ജൂണ്‍ ഒന്നിന് സാധാരണഗതിയില്‍ കേരളതീരത്ത് എത്തിച്ചേരുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഞ്ചോടെ മുംബൈയിലും 15ഓടെ ബംഗാളിലും എത്തുന്നതോടെ രാജ്യം മണ്‍സൂണിന്റെ പിടിയിലാവുകയാണ് പതിവ്.
തുടര്‍ച്ചയായി അഞ്ച് ദിവസം മഴ ലഭിക്കാതിരിക്കുകയും അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറയുകയും ചുഴലിക്കാറ്റുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ് മണ്‍സൂണിന്റെ പിന്‍വാങ്ങലിന്റെ ദിശാസൂചികകള്‍. മഴ മേഘങ്ങള്‍ ഏറ്റവും അവസാനം ചെന്നെത്തുക വടക്കേ ഇന്ത്യയിലാണ്. രാജസ്ഥാന്റെ പടിഞ്ഞാറന്‍ മേഖലകള്‍, പഞ്ചാബ്, ഹരിയാന എന്നീ പ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇക്കുറി മണ്‍സൂണ്‍ പിന്‍വാങ്ങിയെന്ന വിലയിരുത്തലില്‍ കാലാവസ്ഥാ വകുപ്പ് എത്തിയത്.
English Summary: Bidding farewell to southwest monsoon
You may like this video also