Site icon Janayugom Online

ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച; അഡാനി ഗ്രൂപ്പിന് 1.35 ലക്ഷം കോടിയുടെ നഷ്ടം

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച. യഥാര്‍ത്ഥ ഫലപ്രഖ്യാപനത്തില്‍ നിന്നും ഏറെ അകലെയായ എക്സിറ്റ് പോളുകള്‍ കഴിഞ്ഞദിവസം വിപണിയില്‍ റെക്കോഡ് കുതിപ്പുണ്ടാക്കിയിരുന്നു. ഇതിന് ശേഷം ഫലം പുറത്തുവന്നപ്പോള്‍ അത് നാല് വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായി മാറി. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, പവർ, യൂട്ടിലിറ്റികൾ, ഊർജം, എണ്ണ, വാതകം, കാപിറ്റൽ ഗുഡ്സ് എന്നിവയുടെ ഓഹരികളില്‍ തകര്‍ച്ച നേരിട്ടു. 

സെൻസെക്‌സ് 4,389.73 പോയിന്റ് അഥവാ 5.74 ശതമാനം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 72,079.05 ൽ ക്ലോസ് ചെയ്തു. 6,234.35 പോയിന്റ് അഥവാ 8.15 ശതമാനം ഇടിഞ്ഞ് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 70,234.43ൽ എത്തിയിരുന്നു. വ്യപാരത്തിനിടെ നിഫ്റ്റി 1,982.45 പോയിന്റ് അഥവാ 8.52 ശതമാനം ഇടിഞ്ഞ് 21,281.45 വരെ എത്തിയിരുന്നു. 1,379.40 പോയിന്റ് അഥവാ 5.93 ശതമാനം താഴ്ന്ന് 21,884.50 ൽ ക്ലോസ് ചെയ്തു. മുൻപ് 2020 മാർച്ച് 23 ന് സെൻസെക്സും നിഫ്റ്റിയും 13 ശതമാനം ഇടിഞ്ഞിരുന്നു.

എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ കുതിച്ചുയര്‍ന്ന അഡാനി ഓഹരികള്‍ ഫലപ്രഖ്യാപനം വന്നതോടെ തകര്‍ച്ചയിലായി. ഗ്രൂപ്പിലെ മിക്ക ഓഹരികളും ഇന്നലെ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടിരുന്നു. എന്നാല്‍ ആ നേട്ടമെല്ലാം ഫലപ്രഖ്യാപനത്തില്‍ ഒഴുകി പോയി.
അഡാനി ടോട്ടല്‍ ഗ്യാസ് 18.5 ശതമാനം ഇടിഞ്ഞു. അഡാനി ഗ്രീന്‍ എനര്‍ജി 18.3 ശതമാനം, അഡാനി എനര്‍ജി സൊല്യൂഷന്‍സ് 14.2 ശതമാനം, അഡാനി പവര്‍ 13.6 ശതമാനം, അഡാനി എന്റര്‍പ്രൈസസും അഡാനി വില്‍മറും 10 ശതമാനം വീതം എന്നിങ്ങനെയാണ് നഷ്ടം രേഖപ്പെടുത്തിയത്. 

അഡാനി പോര്‍ട്‌സിന്റെ ഇടിവ് 9.8 ശതമാനമാണ്. അഡാനി ഗ്രൂപ്പിന് കീഴിലെ സമന്റ് കമ്പനികളായ അംബുജ സിമന്റ്‌സ്, എ.സി.സി എന്നിവ യഥാക്രമം 9.9 ശതമാനം, 9.1 ശതമാനം വീതം നഷ്ടത്തിലായി. ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ടുണ്ടായത് 1.35 ലക്ഷം കോടിയുടെ നഷ്ടമാണ്. പൊതുമേഖലാ കമ്പനികള്‍ക്കും ഇടിവ് നേരിട്ടു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 10 ശതമാനം ലോവര്‍സര്‍ക്യൂട്ടിലെത്തിയിരുന്നു. കോള്‍ ഇന്ത്യ ഏഴുശതമാനം വരെയും താഴേക്ക് പോയി. 

Eng­lish Summary:Big crash in the stock mar­ket; 1.35 lakh crore loss for Adani Group

You may also like this video

Exit mobile version