Site icon Janayugom Online

വല്ലാർപാടത്ത് ഇറക്കുമതി നിരക്കിൽ വൻ വർധന

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെ ഇറക്കുമതി ചെലവുകൾ താങ്ങാനാവാത്തതാണെന്ന ആക്ഷേപവുമായി വാണിജ്യ സമൂഹം.ചെന്നൈ,തൂത്തുക്കുടി തുടങ്ങിയ ടെർമിനലുകളിലെ ഇറക്കുമതി നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വല്ലാർപാടത്തേത് ഇറക്കുമതി മേഖലയ്ക്ക് ഇരുട്ടടിയാണെന്നാണ് പരാതി. 

20 ടിഇയു കണ്ടെയ്നറിന് 10,500 രൂപയും 40 ന്റേതിന് 15,500 രൂപയുമാണ് നിലവിൽ ടെർമിനൽ ഹാൻഡിങ് നിരക്കായി ഈടാക്കുന്നത്. ഇത് ചെന്നൈയിൽ യഥാക്രമം 5,500 രൂപയും 7,800 രൂപയും തൂത്തുക്കുടിയിൽ യഥാക്രമം 5,500 രൂപയും 6,900 രൂപയുമാണ്. വല്ലാർപാടത്ത് ഇറക്കുമതിയിനത്തിൽ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് സിമന്റും ന്യൂസ് പ്രിന്റു മാണ്. സുഗന്ധദ്രവ്യങ്ങൾ, തോട്ടണ്ടി, പ്ലൈവുഡ്, ക്രോക്കറി ഉല്പന്നങ്ങൾ, ഗ്ലാസ് നിർമ്മാണ സാമഗ്രികൾ എന്നിവ വേറെയും. പ്രതിമാസം 3,000‑ലേറെ ഇറക്കുമതി കണ്ടെയ്നറുകളാണ് ഈ വസ്തുക്കളുമായി വല്ലാർപാടം തുറമുഖത്തെത്തുന്നത്. ചുരുക്കത്തിൽ, വല്ലാർപാടത്തെ ഇറക്കുമതി ചെലവിലുണ്ടാകുന്ന അധികഭാരം സംസ്ഥാനത്തെ സാധാരണക്കാരായ ഉപഭോക്താക്കളെയാവും കൂടുതൽ ബാധിക്കുക. 

ഈ പരാതികൾ വ്യാപകമായി നിലനില്ക്കെത്തന്നെയാണ് ഇറക്കുമതി രംഗത്തിന് ഇരുട്ടടിയായി, നിലവിലെ ഹാൻഡ്‌ലിങ് നിരക്കിനു പുറമെ ഡയറക്ട് പോർട്ട് ഡെലിവറി (പിപിഡി) ചാർജ് എന്നൊരു പുതിയ പരിഷ്കാരം കൂടി കെട്ടിയേൽപ്പിൽക്കാനുള്ള ടെർമിനൽ ഓപ്പറേറ്റർമാരായ ദുബായ് പോർട്ട് വേൾഡിന്റെ നീക്കം. ഇതോടെ, 20 അടി കണ്ടെയ്നറിന് 800 രൂപയും 1,200 രൂപയും അധിക നിരക്കായി നൽകേണ്ട ഗതികേടിലായി വാണിജ്യ സമൂഹം. ഇതേ കണ്ടെയ്നറുകൾ ടെർമിനലിൽ നിന്നു നീക്കാൻ വൈകിയാൽ ഇത്രയും തുക തന്നെ വീണ്ടും നൽകുകയും വേണം.
ഏകദേശം 600 ലേറെ വ്യവസായികളാണ് വല്ലാർപാടം വഴി ചരക്കു കൊണ്ടുവരുന്നത്. നിരക്കിൽ പലവിധത്തിൽ അടിക്കടിയുണ്ടാകുന്ന വർധന, ദക്ഷിണേന്ത്യയിലെ ഏറ്റവും ചെലവേറിയ തുറമുഖമാക്കി വല്ലാർപാടത്തെ മാറ്റുമെന്നും ഇടപാടുകാർ തുറമുഖത്തു നിന്നു പിൻവലിയാൻ ഈ സ്ഥിതി കാരണമാകുമെന്നുമാണ് വാണിജ്യ സമൂഹം വ്യക്തമാക്കുന്നത്. നിരക്കു വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ വാണിജ്യ‑വ്യവസായ സംഘടനകൾ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനും കൊച്ചി തുറമുഖ ട്രസ്റ്റിനും പരാതി നൽകിയിരിക്കുകയാണ്.
eng­lish summary;Big increase in import rates at Vallarpadam
you may also like this video;

Exit mobile version