കരിയറിലെ വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നെയ്മര്‍. ബ്രസീലിയന്‍ സീരി എയില്‍ നെയ്മറുടെ ടീമായ സാന്റോസ്, വാസ്കോഡഗാമക്കെതിരെയാണ് വന്‍ തോല്‍വി വഴങ്ങിയത്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സാന്റോസിന്റെ തോല്‍വി. തോല്‍വിക്ക് പിന്നാലെ പരിശീലകനെ ടീം പുറത്താക്കി. മത്സരത്തില്‍ ബ്രസീൽ താരം ഫിലിപ്പ് കുട്ടീഞ്ഞോ വാസ്കോയ്ക്ക് വേണ്ടി ഇരട്ട ഗോള്‍ കണ്ടെത്തി. 18-ാം മിനിറ്റില്‍ ലൂക്കാസ് പിറ്റണ്‍ നേടിയ ഗോളില്‍ വാസ്കോ മുന്നിലെത്തി. ആദ്യ പകുതിയില്‍ ഈ ഒരു ഗോള്‍ മാത്രമാണ് നേടാനായത്. മറ്റു അഞ്ച് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 52-ാം മിനിറ്റില്‍ ഡേവിഡ് കൊറിയ ലീഡുയര്‍ത്തി. ഫിലിപ്പ് കുട്ടീഞ്ഞോ ഇരട്ട ഗോളുകളും, റയാന്‍, ഡാനിലോ നെവസ് എന്നീതാരങ്ങളും ഗോള്‍ നേടിയതോടെ സാന്റോസ് തകര്‍ന്നടിഞ്ഞു.
ലീഗില്‍ നിന്ന് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന സാന്റോസിനും വാസ്കോഡഗാമയ്ക്കും മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. മത്സരശേഷം പൊട്ടിക്കരഞ്ഞ നെയ്മറെ സഹതാരങ്ങളും മറ്റുസ്റ്റാഫുകളും ചേര്‍ന്നാണ് ആശ്വസിപ്പിച്ചത്. ‘ഇത് നാണക്കേടാണ്. ഞങ്ങളുടെ പ്രകടനത്തിൽ ഞാൻ പൂർണമായും നിരാശനാണ്. ആരാധകർക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശവുമുണ്ട്. അവര്‍ ഞങ്ങളെ ശപിക്കുകയും അപമാനിക്കുകയും ചെയ്താലും അതിനവരെ കുറ്റം പറയാനാവില്ലെന്നും’ നെയ്മര്‍ പറഞ്ഞു. പലപ്പോഴും തല താഴ്ത്തിയാണ് നെയ്മർ മൈതാനത്ത് നടന്നത്. സാന്റോസ്, ബാഴ്സലോണ, പിഎസ്‌ജി, അല്‍ ഹിലാല്‍, ബ്രസീല്‍ ദേശീയ ടീം തുടങ്ങിയവയിലെല്ലാം കളിച്ച നെയ്മര്‍ നേരിട്ട ഏറ്റവും വലിയ പരാജയമാണിത്.

