നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ നിന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി ഇന്നലെ വരെ 108.19 കോടിയിലധികം വിലമതിക്കുന്ന അനധികൃത വസ്തുവകകള്‍ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനും മറ്റുമായി കൊണ്ടുവന്നവയാണ് ഇവ.
9.62 കോടിയുടെ പണം, 42.14 കോടി വിലയുള്ള 9.6 ലക്ഷം ലിറ്റര്‍ മദ്യം, 24.61 കോടി മൂല്യമുള്ള മയക്കുമരുന്ന്, 5.8 കോടി വിലയുള്ള ലോഹങ്ങള്‍, സൗജന്യമായി നല്‍കുന്നതിന് എത്തിച്ച 26 കോടിയുടെ സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് പണം, മയക്കുമരുന്ന്, മദ്യം, മറ്റ് പ്രലോഭനങ്ങള്‍ എന്നിവയുടെ ഒഴുക്ക് കര്‍ശനമായി നിരീക്ഷിക്കാനും ചെറുക്കാനും കമ്മിഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കമ്മിഷന്‍ ആപ്പായ സി-വിജിലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പരാതികള്‍ 100 മിനിറ്റിനുള്ളില്‍ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബിഹാറിലുടനീളം 824 ഫ്ലൈയിങ് സ‍്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. പരിശോധന നടത്തുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് അസൗകര്യമോ, ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. സി-വിജില്‍ ആപ്പ് ഉപയോഗിച്ച് പൗരന്മാര്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും പൊതു പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കോ, വരണാധികാരിക്കോ പരാതി നല്‍കാവുന്ന കോള്‍ സെന്റര്‍ ഉള്‍പ്പെടെ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. 1950 എന്ന ടോള്‍ ഫ്രീ നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

