Site iconSite icon Janayugom Online

സിബിഐക്കുള്ള പൊതു അനുമതി നിഷേധിച്ച് ബിഹാര്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ കേസുകളില്‍ അന്വേഷണം നടത്തുന്നതിന് സിബിഐക്കുള്ള പൊതു അനുമതി പിന്‍വലിച്ച് ബിഹാര്‍ സര്‍ക്കാര്‍.
കേന്ദ്ര ഏജന്‍സിയെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് മഹാഗഡ്ബന്ധന്‍ സര്‍ക്കാരിന്റെ നടപടി. 1946ലെ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ അന്വേഷണം നടത്തുന്നതിന് അതത് സര്‍ക്കാരുകളുടെ അനുമതി വേണം.
നേരത്തെ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ സിബിഐക്ക് പൊതു അനുമതി നിഷേധിച്ചിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടാനുള്ള ഉപകരണമായി കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ ഉപയോഗിക്കുകയാണെന്ന് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തടയാൻ ജുഡീഷ്യറിയെ സമീപിക്കാനുള്ള സംവിധാനത്തെക്കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐക്കുള്ള പൊതു അനുമതി നിഷേധിക്കാനുള്ള ശരിയായ സമയമിതാണെന്ന് ജെഡിയു പ്രതികരിച്ചു.
ബിഹാര്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനിടെ ബുധനാഴ്ച ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റയില്‍വേ ജോലിക്ക് ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഈ വിഷയത്തില്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ കുരുക്കാന്‍ സിബിഐ ശ്രമം നടത്തുന്നുണ്ട്. 

Eng­lish Sum­ma­ry: Bihar gov­ern­ment denies gen­er­al per­mis­sion to CBI

You may like this video also

Exit mobile version