Site iconSite icon Janayugom Online

വീട്ടിൽനിന്ന് എകെ- 47 തോക്കും ​ഗ്രനേ‍ഡും പിടിച്ചെടുത്ത കേസ്; ബിഹാർ എംഎൽഎയ്ക്ക് 10 വർഷം തടവ്

വീട്ടിൽനിന്ന് എകെ 47 തോക്കുകൾ കണ്ടെടുത്ത കേസിൽ ആർജെഡി എംഎൽഎ അനന്ത് സിങ്ങിനെ പ്രത്യേക കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. 2019ലാണ് അനന്ത് സിങ്ങിന്റെ ​ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഒരു എകെ-47 റൈഫിൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, 26 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തത്. കേസിൽ ജൂൺ 14ന് എംഎൽഎ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
അനന്ത് സിങ്ങിനെ കൂടാതെ വീടിന്റെ കാവൽക്കാരൻ സുനിൽ റാമിനും 10 വർഷം തടവ് ശിക്ഷ വിധിച്ചു. ജനപ്രതിനിധികളുടെ കേസ് പരി​ഗണിക്കുന്ന എംപി-എംഎൽഎ കോടതി ജഡ്ജി ത്രിലോകി ദുബെയാണ് ശിക്ഷ വിധിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടപ്പെടും. പട്ന ജില്ലയിലെ മൊകാമ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അനന്ത് സിങ്. കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അനന്ത് സിങ്ങിന്റെ അഭിഭാഷകൻ പ്രതികരിച്ചു. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയാൽ അനന്ത് സിംഗിന്റെ നിയമസഭാംഗത്വം നിലനിൽക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. ഇന്ന് രാവിലെ ജയിൽ ആംബുലൻസിലാണ് അനന്ത് സിങ് പട്നയിലെ കോടതിയിലെത്തിയത്.
2019 ഓഗസ്റ്റ് 16നാണ് അന്നത്തെ സിറ്റി എസ്പി ലിപി സിങ്ങിന്റെ നേതൃത്വത്തിലുള്ള പട്ന പൊലീസ് സംഘം ബർഹ് പോലീസ് സ്റ്റേഷന്റെ കീഴിലുള്ള അനന്ത് സിങ്ങിന്റെ ജന്മഗ്രാമമായ നദ്വയിലെ വീട്ടിൽ റെയ്ഡ് നടത്തിത്. പൊലീസ് റിപ്പോർട്ടനുസരിച്ച് ഒരു എകെ 47 റൈഫിൾ, 26 വെടിയുണ്ടകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തു. എകെ 47 തോക്ക് ഒരു വലിയ പെട്ടിക്ക് പിന്നിലാണ് ഒളിപ്പിച്ചിരുന്നത്. വീട്ടിൽ അനന്ത് സിങ് താമസിച്ചിരുന്നില്ല. കെയർടേക്കറായിരുന്ന സുനിൽ റാമാണ് വീട്ടിലുണ്ടായിരുന്നത്. റെയ്ഡ് നടക്കുമ്പോൾ അനന്ത് സിങ് ബീഹാറിൽ ഉണ്ടായിരുന്നില്ല. ദില്ലിയിലേക്ക് മുങ്ങിയ ഇയാൾ കീഴ്ക്കോടതിയിൽ കീഴടങ്ങി. പിന്നീട് ബിഹാർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പട്ന ബയൂർ ജയിലിൽ അയച്ചു.

Eng­lish sum­ma­ry; Bihar MLA jailed for 10 years

You may also like this video;

Exit mobile version