ബിഹാറിലെ വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചിരിക്കെ ഇരട്ട വോട്ടര്‍ ഐഡിയുടെ പേരിലും വിവാദമുയരുന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്ന ആരോപണത്തിനു പിന്നാലെ സിപിഐ (എംഎല്‍) ലിബറേഷന്‍ നേതാവ് സുദാമ പ്രസാദിന്റെ ഭാര്യയ്ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ട് എന്ന വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്.
നിലവില്‍ അറാ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുദാമ പ്രസാദ്. ഇരട്ട വോട്ടര്‍ ഐഡി കൂടുതലാളുകള്‍ക്ക് ഉണ്ടാകാമെന്ന സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ പരിശോധന നടത്തിയേക്കും. കഴിഞ്ഞ ശനിയാഴ്ച തന്റെ പേര് കരട് വോട്ടര്‍പട്ടികയിലില്ലെന്ന് അവകാശപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍, തേജസ്വി ഉയര്‍ത്തിക്കാണിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തിനിടയാക്കിയിരുന്നു.
തേജസ്വി യാദവ് ഉയര്‍ത്തിക്കാട്ടിയ തിരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ് അനുവദിച്ചിരുന്നതല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നടത്തുന്ന തീവ്രപരിശോധന, ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യം ആരോപിക്കുന്നത്.

