Site iconSite icon Janayugom Online

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം, ജനങ്ങള്‍ക്ക് അഭിഭാഷകരുടെ സേവനം ലഭ്യമാക്കണം: സുപ്രീം കോടതി

ബിഹാര്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകരുടെ സേവനം വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭ്യമാക്കാന്‍ സംസ്ഥാന ലീഗല്‍ സർവീസ് അതോറിട്ടിയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ജസ്റ്റിസുമാരായ സുര്യ കാന്ത്, ജോയ്മല്യ ബഗ്ച്ചി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിനെതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് ഇന്നലെ സുപ്രീം കോടതി പരിഗണിച്ചത്. കരട് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരും പുതുതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരുടെയും സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണങ്ങളുടെ പോരായ്കകളാണ് കോടതിക്കു മുന്നില്‍ എത്തിയത്.

കരട് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയവരും പുതുതായി കൂട്ടിച്ചേര്‍ത്തവരുടെ പട്ടിക സംബന്ധിച്ചും പരാതി സമര്‍പ്പിക്കാന്‍ ഇന്നലെ വരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമയ പരിധി നിശ്ചയിച്ചത്. ഇത് രണ്ടാഴ്ചകൂടി നീട്ടണമെന്ന അപേക്ഷയാണ് ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ച നിലപാട് കോടതി അംഗീകരിക്കുകയാണുണ്ടായത്.

കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപം ഉയര്‍ത്താന്‍ സെപ്റ്റംബര്‍ ഒന്നു വരെ എന്ന നിബന്ധനയ്ക്ക് അപ്പുറം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിക്ക് മുമ്പുവരെ സമര്‍പ്പിക്കുന്ന വോട്ടര്‍മാരുടെ ഒഴിവാക്കല്‍-കൂട്ടിച്ചേര്‍ക്കല്‍ അപേക്ഷകള്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്മിഷന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടണമെന്ന ഹര്‍ജിക്കാരുടെ അപേക്ഷയില്‍ കോടതി ഇടപെടല്‍ നടത്തിയില്ല. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കും പേരു ചേര്‍ക്കേണ്ടവര്‍ക്കുമായി നിയമ സഹായം ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളാണ് കോടതി ഉത്തരവില്‍ പ്രതിപാദിച്ചിരിക്കുന്നത്.

Exit mobile version