ബിജെപി അതിന്റെ തല്പരകക്ഷികളെ ഉപയോഗിച്ച് സൃഷ്ടിക്കുവാന്‍ ശ്രമിച്ച നിയമപരമായ തടസങ്ങളെ മറികടന്ന് ബിഹാറില്‍ പൂര്‍ത്തിയാക്കിയ ജാതി സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സാങ്കേതിക കാര്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരും വ്യാജ പ്രചരണങ്ങളുമായി ബിജെപി നേതാക്കളും ജാതി സെന്‍സസ് തടയുന്നതിന് ശ്രമിച്ചിരുന്നു. എങ്കിലും ബിഹാറിലെ സര്‍ക്കാര്‍ സെന്‍സസ് തീരുമാനവുമായി മുന്നോട്ടുപോയി. പട്ന ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിച്ചുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് സെന്‍സസ് തടയുന്നതിന് ശ്രമിച്ചു. സ്റ്റേ നല്‍കുന്നതിന് തയ്യാറാകാതിരുന്നതിനാലാണ് സര്‍വേയുടെ ആദ്യഘട്ട റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജനുവരി ഏഴിന് ആരംഭിച്ച ആദ്യഘട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് ഏഴുമാസത്തിലധികം സമയമെടുത്തതുതന്നെ തടസങ്ങളുണ്ടാക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ ഫലമായിരുന്നു. 12.70 കോടി വരുന്ന സംസ്ഥാന ജനസംഖ്യയിലെ കുടുംബങ്ങളുടെ സാമ്പത്തിക നിലവാരം, സാമൂഹ്യാവസ്ഥ എന്നിവ സമാഹരിക്കുകയായിരുന്നു സര്‍വേ ലക്ഷ്യം വച്ചത്. ജനസംഖ്യയിലെ 36 ശതമാനം പേരും അതിപിന്നാക്ക വിഭാഗത്തിൽ നിന്നുമുള്ളവരാണെന്നാണ് സെൻസസിലൂടെ വെളിപ്പെട്ടിരിക്കുന്നത്. യഥാക്രമം 27.12, 19.7, 1.68 ശതമാനം പേർ വീതം പിന്നാക്ക, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. സംവരണേതര വിഭാഗത്തിൽപ്പെടുന്ന മുന്നാക്ക വിഭാഗത്തിന്റെ ജനസംഖ്യാതോത് 15.52 ശതമാനമാണ്. അതിപിന്നാക്ക വിഭാഗങ്ങളായ 36 ശതമാനം ഉള്‍പ്പെടെ സംസ്ഥാന ജനസംഖ്യയുടെ 63.12 ശതമാനവും ഒബിസിയില്‍പ്പെട്ടവരാണെന്ന വസ്തുതയും ജാതി സെന്‍സസിലൂടെ വെളിപ്പെട്ടിരിക്കുന്നു. ഒബിസിയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളും ചേരുമ്പോള്‍ 84 ശതമാനം വരുന്നു. പിന്നാക്ക വിഭാഗത്തിനുള്ള സംവരണം ഉയര്‍ത്തുന്നതുള്‍പ്പെടെ ജാതി സെന്‍സസിന്റെ തുടര്‍നടപടികളാണ് അടുത്ത ഘട്ടമായി ബിഹാര്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. അതിനായി അടുത്തയാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഇതുകൂടി വായിക്കൂ: സെന്‍സസ് നടത്താത്ത ഇന്ത്യ ഒന്നാമതായതെങ്ങനെ?
ബിഹാറിലെ ജാതി സെന്‍സസ് ആരംഭിക്കുന്നതിന് മുമ്പ് ത ന്നെ രാജ്യവ്യാപകമായി ജാതി സെന്‍സസ് വേണമെന്ന ആവശ്യം സിപിഐ രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പി സന്തോഷ് കുമാറാണ് പ്രത്യേക പരാമര്‍ശത്തിലൂടെ സഭയില്‍ വിഷയം ഉന്നയിച്ചത്. ജാതി വ്യവസ്ഥ രൂഢമൂലമായി നിലവിലുള്ള സമൂഹമാണ് ഇന്ത്യയിലുള്ളത്. പല സംസ്ഥാനങ്ങളിലും ജാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹികമായ വേര്‍തിരിവുകളും സാമ്പത്തികമായ അസമത്വങ്ങളും അവശേഷിക്കുകയും ചെയ്യുന്നുണ്ട്. 10 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സെൻസസ് വഴി ദളിത്, ആദിവാസി ഒഴികെയുള്ള വിഭാഗങ്ങളുടെ ജാതി തിരിച്ചുള്ള കണക്കുകള്‍ ഔദ്യോഗികമായി ലഭ്യമല്ല. 2021ല്‍ നടക്കേണ്ട ദേശീയ സെന്‍സസാകട്ടെ പല കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം നടത്തിയതുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടോ മൂന്നോ വര്‍ഷം — അതായത് സാധാരണ നടക്കേണ്ടതിനും അഞ്ചോ ആറോ വര്‍ഷം — കഴിഞ്ഞ് മാത്രമേ സെന്‍സസ് നടക്കൂ എന്നതാണ് സ്ഥിതി. അങ്ങനെ വരുമ്പോള്‍ ദളിത്, ആദിവാസി വിഭാഗങ്ങളുടെ കൃത്യമായ കണക്കുപോലും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. 1931ലാണ് രാജ്യത്ത് സമ്പൂർണ ജാതി സെൻസസ് നടത്തിയത്. സാമൂഹിക‑സാമ്പത്തിക‑ജാതി സെൻസസ് നടത്താൻ 2011ൽ ശ്രമിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. ജാതികളുടെയും അവയിലെ ജനസംഖ്യയുടെയും കണക്കെടുപ്പ്, അവരുടെ സാമൂഹിക പിന്നാക്കാവസ്ഥ, വിദ്യാഭ്യാസ, സാമ്പത്തിക നില എന്നിവയെക്കുറിച്ചുള്ള വിവരശേഖരണം സാമൂഹികവും സാമ്പത്തികവുമായ നയങ്ങൾ രൂപീകരിക്കുന്നതിന് കൃത്യമായ അടിത്തറ നൽകും. ഇത്തരമൊരു നിലപാടാണ് രാജ്യസഭയില്‍ സന്തോഷ് കുമാര്‍ അവതരിപ്പിച്ചത്.
ഇതുകൂടി വായിക്കൂ: അടുത്ത തവണ നടക്കുന്ന സെന്‍സസില്‍ ആറ് മതങ്ങള്‍ മാത്രം
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ബിഹാറിലെ ജാതി സെന്‍സസ് വിവരങ്ങള്‍ ഈ നിലപാടിനെ സാധൂകരിക്കുന്നുണ്ട്. ദളിത് ആദിവാസി വിഭാഗങ്ങളില്‍ മാത്രമല്ല, മറ്റുവിഭാഗങ്ങളിലും അതീവ പിന്നാക്കാവസ്ഥയാണ് നിലവിലുള്ളതെന്നാണ് ബിഹാറിലെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെയാണ് രാജ്യമാകെ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. എന്നാല്‍ പതിവ് പോലെ കേന്ദ്രം ഭരിക്കുന്ന ബിജെപി ദേശവ്യാപകമായ ജാതി സെന്‍സസിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍, പ്രത്യേകിച്ച് സനാതന ധര്‍മ്മ ചര്‍ച്ചകള്‍ ശക്തമായി ഉയര്‍ന്നുവന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ജാതി സെന്‍സസിനനുകൂലമായ നിലപാട് ബിജെപി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുക സാധ്യമല്ല. കാരണം ജാതി സെന്‍സസ് വഴി ജാതീയമായ പിന്നാക്കാവസ്ഥ വെളിപ്പെട്ടുവരുന്നത് സനാതനധര്‍മ്മ ബോധ്യത്തിലൂന്നിയ ഹിന്ദുത്വ ആശയവുമായി ജനങ്ങളെ സമീപിക്കുന്നതിന് വിഘാതമുണ്ടാക്കുമെന്ന് അവര്‍ക്ക് ധാരണയുണ്ട്. വലിയ വിഭാഗം ജനങ്ങളെ വോട്ടുബാങ്കുകളായി നിലനിര്‍ത്തുകയെന്ന തങ്ങളുടെ കള്ളക്കളി പൊളിഞ്ഞുപോകുമെന്ന ഭയമാണ് ജാതി സെന്‍സസിനെ എതിര്‍ക്കുവാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നതെന്നതാണ് വസ്തുത.