Site iconSite icon Janayugom Online

ബിജാപൂര്‍ ഏറ്റുമുട്ടല്‍; ആറ് മാവോയ്സ്റ്റുകളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 18 ആയി

ഛത്തീസ്ഗഢിലെ ബിജാപൂരില്‍ സുരക്ഷാസേന വെടിവച്ചു കൊന്ന ആറ് മാവോയ്സ്റ്റുകളുടെ മൃതദേഹം കൂടി കണ്ടെത്തു. ഇതോടെ മരണസംഖ്യ 18 ആയി ഉയര്‍ന്നു. പൊലീസ് ജില്ലാ റിസര്‍വ് ഗാര്‍ഡിലെ മൂന്ന് പേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 12 മണിക്കൂറോളം വെടിവയ്പ് നീണ്ടുനിന്നിരുന്നു.

ബുധനാഴ്ച വൈകുന്നേരം വരെ 12 മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്. ഇന്നലെ രാവിലെ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നുവെന്ന് ഐജി സുന്ദര്‍രാജ് പി പറഞ്ഞു. പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തിവരുകയാണ്.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, ഛത്തീസ്ഗഡ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സിആർപിഎഫ് കോബ്ര ബെറ്റാലിയൻ എന്നിവരുടെ സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പിന്നീടുണ്ടായ ഏറ്റുമുട്ടലിലാണ് 12 മാവോയിസ്റ്റുകളെ വധിച്ചത്.

ഏറ്റുമുട്ടലിനിടെ ജവാന്മാർക്ക് പരിക്കേറ്റു. സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ഈ വർഷം മാത്രം പൊലീസ് ഓപ്പറേഷനുകളിൽ 269 മാവേയിസ്റ്റുകളാണ് ഛത്തീസ്ഗഢിൽ ​ കൊല്ലപ്പെട്ടത്. ഇതിൽ 239 പേരും ബസ്തർ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്. ബിജാപ്പൂർ, ദന്തേവാഢ എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് ബസ്തർ ഡിവിഷൻ. 27 പേരാണ് ഗരിയബന്ദ് ജില്ലയിൽ​ കൊല്ല​പ്പെട്ടത്.

Exit mobile version