Site iconSite icon Janayugom Online

ബിജിഷ ഓൺലൈൻ ചൂതുകളിയുടെ ഇര; ഒന്നേമുക്കാൽ കോടിയുടെ ഇടപാടുകൾ

കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ മരണത്തിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
ചേലിയ മലയിൽ ബിജിഷ (31) ആണ് ഓൺലൈൻ ചൂതാട്ടത്തിന്റെ ഇരയായത്. ലക്ഷക്കണക്കിന് രൂപ ഇതിലൂടെ നഷ്ടപ്പെട്ടതായാണ് അനുമാനം. ഒന്നേമുക്കാൽ കോടിയുടെ ക്രയവിക്രയം ബാങ്കുകളിലൂടെ ബിജിഷ നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊയിലാണ്ടിയിലെ സ്വകാര്യ ടെലികോം സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ബിജിഷ 2021 ഡിസംബർ 12ന് ആണ് ആത്മഹത്യ ചെയ്തത്. 

സ്ഥാപനത്തിലേക്കു പുറപ്പെട്ട ഇവർ പെട്ടെന്നു തിരിച്ചുവന്ന ശേഷം കുളിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണകാരണത്തെക്കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും വ്യക്തതയുണ്ടായിരുന്നില്ല. ലോക്കൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ബിജിഷ വിവാഹാവശ്യത്തിനായി വീട്ടുകാർ കരുതിയ 30 പവൻ സ്വർണ്ണാഭരണങ്ങൾ പണയം വെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയത്. എന്നാൽ ഇത് എന്തിന് വേണ്ടിയാണെന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെത്തുടർന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

അധ്യാപക പരിശീലന ബിരുദധാരിയാണ് ബിജിഷ. പലരിൽ നിന്നും വൻ തുകകൾ വാങ്ങി റമ്മി കളിയിൽ ഏർപ്പെടുകയായിരുന്നു. ഒരാളിൽ നിന്നു വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ മറ്റ് ആളുകളിൽ നിന്നു വാങ്ങുകയാണ് ചെയ്തത്. ഓൺലൈൻ പണമിടപാടുകാരിൽ നിന്നും പണം വാങ്ങിയിരുന്നു. തിരിച്ചടവ് ഇല്ലാതെ വന്നപ്പോൾ ഇവരിൽ നിന്നു സമ്മർദ്ദമുണ്ടായതായി കരുതുന്നു. 

യുപിഐ ആപ് വഴിയാണ് പണമിടപാടുകൾ നടത്തിയത്. റമ്മികളിയിൽ ആദ്യം പണം ലഭിച്ചെങ്കിലും പിന്നീട് വൻ തുകകൾ നഷ്ടമായി. വായ്പ നൽകിയ ഓൺലൈൻ സ്ഥാപനങ്ങൾ പണം തിരികെ ലഭിക്കാതായപ്പോൾ ബിജിഷയെ മോശമായി ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ കൈമാറായിരുന്നു. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബിജിഷക്കെതിരെ പണമിടപാട് സംബന്ധിച്ച് ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഒരു സുഹൃത്തിന് പണം നൽകാനുണ്ടെന്ന് വ്യക്തമായിരുന്നു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ദുരൂഹതയുടെ കെട്ടഴിച്ചു. റമ്മി കളി സ്ഥാപനങ്ങളുടെ വിവരങ്ങൾ ലഭ്യമാകുന്നതിന് അന്വേഷണം തുടരുകയാണ്.

Eng­lish Summary:Bijisha is a vic­tim of online gam­bling; One and a half crore transactions
You may also like this video

Exit mobile version