Site iconSite icon Janayugom Online

കുഴിയില്‍ വീണ് ബൈക്ക് യാത്രികന്റെ മരണം: എഞ്ചിനീയര്‍ അറസ്റ്റില്‍

നിർമ്മാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ വിനീത വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥയാണ് ഇവര്‍. മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ നാല് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് തൃപ്പൂണിത്തുറ അന്ധകാരത്തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പാലത്തിൽ അപകടം ഉണ്ടായത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിനീത വർഗീസിനെ സസ്പെൻഡ് ചെയ്യുകയും 304 എ വകുപ്പ് പ്രകാരം കരാറുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പുതിയകാവ് ഭാഗത്ത് നിന്ന് ബൈക്കിൽ എത്തിയ എരൂർ സ്വദേശി വിഷ്ണു,സുഹൃത്ത് ആദർശ് എന്നിവർ പാലത്തിന്റെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ വിഷ്ണു മരിക്കുകയും ഗുരുതര പരുക്കുകളോടെ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

പാലത്തിൽ ബൈക്ക് യാത്രികൻ കുഴിയിൽവീണ് മരണപ്പെട്ട സംഭവത്തിൽ നിലവിൽ നടക്കുന്ന നടപടിക്രമങ്ങൾ കൂടാതെ വകുപ്പുതലത്തിലും വിശദമായ അന്വേഷണം നടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് സെക്രട്ടറി, കലക്ടർ എന്നിവരുമായി സംസാരിച്ചെന്നും ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ഫോർട്ട് കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എല്ലാ ജില്ലകളിലും മഴയ്ക്ക് മുന്നോടിയായി നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷിത സംവിധാനങ്ങൾ ഒരുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എവിടെയെങ്കിലും വീഴ്ച ഉണ്ടായാൽ പരിശോധിക്കണമെന്നാണ് നിർദ്ദേശം. അനാസ്ഥ വരുത്തിയാൽ വച്ച് പൊറുപ്പിക്കാൻ സാധിക്കില്ല. നിർമ്മാണ പ്രവൃത്തി നടക്കുന്നിടത്ത് അപകട സാധ്യതയുണ്ടെങ്കിൽ ആർക്കും തന്നെ അറിയിക്കാമെന്നും മന്ത്രി കൂട്ടിചേർത്തു.

Eng­lish Sum­ma­ry: Bike rid­er dies after falling into ditch: Engi­neer arrested
You may also like this video

Exit mobile version