ബില്‍ക്കീസ് ബാനു കേസിലെ പ്രതി രമേഷ് ചാന്ദനയ്ക്ക് വീണ്ടും പരോള്‍. സഹോദരിപുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഗുജറാത്ത് ഹൈക്കോടതി 10 ദിവസത്തെ പരോള്‍ അനുവദിച്ചത്. മാര്‍ച്ച് അഞ്ചിന് നടക്കുന്ന വിവാഹത്തിനായി കഴിഞ്ഞ ആഴ്ചയാണ് ചാന്ദന ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ മാസമാണ് കേസിലെ 11 പ്രതികളെ ഗോദ്ര ജയിലില്‍ അടച്ചത്. ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച്, 2008ൽ തടവിലായ ശേഷം 1,198 ദിവസത്തെ പരോളും 378 ദിവസത്തെ അവധിയും ചാന്ദന അനുഭവിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു പ്രതി പ്രദീപ് മോദിയയ്ക്കും ഈ മാസം ഏഴ് മുതല്‍ 11 വരെ കോടതി പരോള്‍ അനുവദിച്ചിരുന്നു. ജസ്റ്റിസ് ദിവ്യേഷ് ജോഷിയാണ് വിധി പുറപ്പെടുവിച്ചത്.
2002ലെ ഗൂജറാത്ത് കലാപത്തിനിടെയാണ് 21 വയസുകാരിയും അഞ്ചു മാസം ഗര്‍ഭിണിയുമായ ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. മൂന്ന് വയസുള്ള മകള്‍ ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങളെയും അക്രമികള്‍ കൊന്നു. കുറ്റവാളികളെ തിരിച്ചറിയുകയും അവര്‍ക്കെതിരെ കോടതികളില്‍ മൊഴി നല്‍കുകയും ചെയ്ത അപൂര്‍വം വ്യക്തികളില്‍ ഒരാള്‍ ആയിരുന്നു ബില്‍ക്കീസ് ബാനു.
2008ല്‍ മുംബൈ പ്രത്യേക കോടതി 12 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും ഏഴ് പേരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. 2017ല്‍ 11 പേരുടെ ശിക്ഷ ബോംബൈ ഹൈക്കോടതി ശരിവച്ചു. മൂന്ന് പേരുടെ ശിക്ഷ ജീവപര്യന്തമാക്കുകയും ചെയ്തു. 2019ല്‍ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ ജോലി നല്‍കാനും സുപ്രീം കോടതി വിധിച്ചു. എന്നാല്‍ 2020ല്‍ 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ സ്വാതന്ത്ര്യ ദിനത്തില്‍ ജയില്‍മോചിതരാക്കി. കോവിഡ് കാലത്തെ നല്ല നടപ്പ് ചൂണ്ടിക്കാണിച്ചായിരുന്നു മോചിപ്പിച്ചത്. എന്നാല്‍ ജനുവരി എട്ടിന് ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ജനുവരി 21ന് വീണ്ടും ഗോദ്ര ജയിലില്‍ എത്തിയത്.
English Summary: Bilkis Bano Case Convict Gets Parole To Attend Nephew’s Wedding
You may also like this video