Site iconSite icon Janayugom Online

പ്രതികളെ വെറുതെ വിട്ടതിന്റെ; രേഖകള്‍ വേണം

വിവാദമായ ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസില്‍ സുപ്രധാന നീരിക്ഷണവുമായി സുപ്രീം കോടതി. പ്രതികളെ വെറുതെ വിട്ട നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോടതി ‘ഇന്ന് ബില്‍ക്കീസ് ബാനു നാളെ മറ്റൊരാളാകാം’ എന്നും തുറന്നടിച്ചു. കേസിലെ 11 പ്രതികളെയും വെറുതെ വിട്ട രേഖകള്‍ ഹാജരാക്കാന്‍ ജസ്റ്റിസ് കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം പ്രതികളുടെ മോചനം സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹർജി നൽകാൻ കേന്ദ്രവും ഗുജറാത്ത് സർക്കാരും നീക്കം ആരംഭിച്ചിട്ടുണ്ട്. രേഖകൾ നൽകാൻ സാധിക്കില്ലെന്നാണ് ഗുജറാത്ത് സർക്കാർ സൂചന നൽകിയത്.

കഴിഞ്ഞ നവംബറിലാണ് പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ബില്‍ക്കീസ് ബാനു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഐ(എം) നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലൗൽ, പ്രൊഫ. രേഖ വർമ്മ തുടങ്ങിയവരും ഹർജി നൽകിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ കുട്ടികളടക്കം കുടുംബത്തിലെ ഏഴ് പേരെ വകവരുത്തിയ അക്രമികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും നടപടികളുടെ രേഖയാണ് കോടതി ആവശ്യപ്പെട്ടത്. തടവില്‍ കഴിഞ്ഞിരുന്ന പ്രതികളെ മോചിപ്പിച്ച അധികൃതരുടെ നടപടി കുറ്റകൃത്യത്തിന്റെ തീവ്രത ലഘൂകരിച്ചതായും കോടതി പറഞ്ഞു.

ഗര്‍ഭിണിയായ സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുകയും കുടുംബത്തിലെ അംഗങ്ങള്‍ കൊലയ്ക്ക് ഇരയാകുകയും ചെയ്ത സംഭവം നിസാരമായി കാണാനാവില്ല. കൂട്ടക്കൊലയും കൊലപാതകവും വെവ്വേറെ കാണാന്‍ ശ്രമിക്കണം. ഐപിസി 302 വ്യവസ്ഥയെ തകിടം മറിക്കുന്ന നടപടിയാണുണ്ടായത്. ആപ്പിളിനെ ഓറഞ്ചിനോട് ഉപമിക്കുന്ന തരത്തിലുള്ള നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. അസമമായതിനെ സമത്തോട് ഉപമിക്കുന്ന രീതി തെറ്റായ പ്രവണതയാണെന്നും കോടതി വ്യക്തമാക്കി. സമൂഹത്തെ ബാധിക്കുന്ന ഇത്തരം കൊടും ക്രൂരത നിറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുമ്പോള്‍, ജനതാല്പര്യം മുന്നില്‍ കണ്ടായിരിക്കണം അധികാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.

കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു എന്ന കാരണത്തില്‍ സംസ്ഥാനം അവരുടെ ഒരു തീരുമാനം നടപ്പിലാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം പ്രതികളെ ജയിലിലാക്കാന്‍ ജുഡീഷ്യല്‍ ഓര്‍ഡര്‍ ആവശ്യമാണ്. എന്നാല്‍ ഭരണതലത്തിലെ തീരുമാനം കൊണ്ട് അവര്‍ ജയിലില്‍ നിന്ന് മോചിതരായിരിക്കുകയാണെന്നും കോടതി പറഞ്ഞു. പ്രതികൾക്ക് ലഭിച്ചത് 1500 ദിവസത്തെ പരോളാണ്. സാധാരണ പൗരന് ഇത് ലഭിക്കുമോ എന്ന് കോടതി ചോദിച്ചു. ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ പ്രതികളെ വിട്ടയച്ചതെന്ന് ചോദിച്ച കോടതി, പ്രതികളെ വെറുതെ വിട്ടതിന് നിങ്ങള്‍ക്ക് കാരണമുണ്ടെങ്കില്‍ അറിയിക്കാമെന്നും അല്ലെങ്കില്‍ കോടതി അതിന്റെ അന്തിമ നിഗമനത്തില്‍ എത്തുമെന്നും വ്യക്തമാക്കി. പ്രതികളുടെ മറുപടി ആവശ്യപ്പെട്ടും സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസ് അടുത്തമാസം രണ്ടിന് വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: SC Ques­tions Deci­sion To Grant Remis­sion to Con­victs in Bilkis Bano Case
You may also like this video

Exit mobile version