ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബിജെപി എംപിയ്ക്കും എംഎൽഎയ്ക്കുമൊപ്പം വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൊലക്കേസിലെ പ്രതി.
ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരിൽ ശൈലേഷ് ചിമൻലാൽ ഭട്ട് എന്നയാളാണ് ബിജെപി എംഎൽഎക്കും എംപിക്കുമൊപ്പം പരിപാടിയിൽ പങ്കെടുത്തത്. മാർച്ച് 25ന് ദഹോദ് ജില്ലയിലെ കർമ്മാഡി ഗ്രാമത്തിലാണ് പരിപാടി നടന്നത്. ദഹോദ് എംപി ജസ്വന്ത് സിൻഹ് ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽയുമായ ശൈലേഷ് ഭാഭോറിനും ഒപ്പമാണ് ശൈലേഷ് വേദി പങ്കിട്ടത്. സിംഗ്വാദ് താലൂക്കിലെ കർമാഡി ഗ്രാമത്തിൽ ഗുജറാത്ത് വാട്ടർ സപ്ലൈ ആന്റ് സ്വീവറേജ് ബോർഡ് പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിലാണ് അറുപത്തിമൂന്നുകാരനായ ശൈലേഷ് ഭട്ടും പങ്കെടുത്തത്. ദാഹോദ് ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തുവിട്ട പരിപാടിയുടെ ചിത്രങ്ങളിൽ വേദിയുടെ മുൻനിരയിൽ തന്നെ ഇയാൾ ഇരിക്കുന്നത് കാണാം. 2022 ഓഗസ്റ്റ് 15നാണ് ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.
ഇതൊരു പൊതുപരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും മറ്റൊന്നും തനിക്ക് പറയാനില്ലെന്നും ശൈലേഷ് ഭട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ഭട്ട് പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കാൻ ബിജെപി എംപി ജസ്വന്ത്സിൻഹ് ഭാഭോർ തയ്യാറായില്ല. എംഎൽഎ ആയതിനാൽ ഞാൻ പരിപാടി സംബന്ധിച്ച തിരക്കിലായിരുന്നു. വേദിയിൽ എനിക്കൊപ്പം മറ്റാരൊക്കെയാണ് ഇരിക്കുന്നതെന്ന് ശ്രദ്ധിച്ചില്ല. പരിപാടിയിൽ അയാൾ പങ്കെടുത്തിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ബിജെപി എംപിയുടെ സഹോദരനും എംഎൽഎയുമായ ശൈലേഷ് ഭാഭോര്‍ പറഞ്ഞു.
ആരാണ് ഭട്ടിനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ദഹോദ് ജില്ലാ ഭരണകൂടം പറയുന്നു. പരിപാടി സംഘടിപ്പിച്ചത് തങ്ങളായിരുന്നുവെങ്കിലും, ക്ഷണക്കത്ത് അയച്ചത് ജലവിതരണ വകുപ്പ് അല്ല. താലൂക്ക് പഞ്ചായത്ത് അംഗങ്ങളാണ് അതിഥികളെ ക്ഷണിച്ചത്.
വേദിയിൽ ഇരിപ്പിടം തീരുമാനിച്ചതുപോലും ആരെന്ന് അറിയില്ലെന്ന് ജിഡബ്ല്യുഎസ്എസ്ബി ഡെപ്യൂട്ടി എൻജിനീയർ പ്രദീപ് പാർമർ പറഞ്ഞു.
English Summary: Bilkis Banu case accused in Gujarat government programme
You may also like this video