Site iconSite icon Janayugom Online

ബില്‍ക്കീസ് ബാനു കേസ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

ബില്‍ക്കീസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. പ്രതികളായ രാധേശ്യാം ഭഗവന്‍ദാസ്, രാജുഭായ് ബാബുലാല്‍ എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. 2002ലെ ഗുജറാത്ത് കലാപസമയത്ത് ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. സംഭവ സമയം ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. 2022ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കി ഇവരെ ജയില്‍ മോചിതരാക്കിയിരുന്നു. ഈ നടപടി ഈ വര്‍ഷം ജനുവരി എട്ടിന് സുപ്രീം കോടതി റദ്ദാക്കി. 

പുതിയ റിമിഷന്‍ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി വരുന്നത് വരെയായിരുന്നു ഭഗവാന്‍ദാസും ബാബുലാലും താല്‍ക്കാലിക ജാമ്യം തേടിയത്. എന്നാല്‍ കുറ്റവാളികളുടെ ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ഇതേ തുടര്‍ന്ന് പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ജനുവരിയിലെ സുപ്രീം കോടതിയിലെ വിധി ഭരണഘടനാ ബെഞ്ചിന്റെ 2002ലെ ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഭഗവാന്‍ദാസും ബാബുലാലും കോടതിയെ സമീപിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ച ഇളവ് റദ്ദാക്കിയ വിഷയം വിശാല ബെഞ്ചിന് വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. ശിക്ഷായിളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ കടന്നുകയറിയെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

Eng­lish Sum­ma­ry: Bilkis Banu case: Accused’s inter­im bail plea rejected

You may also like this video

Exit mobile version