Site iconSite icon Janayugom Online

ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഓഡിറ്റര്‍ ഡിലോയിറ്റ് രാജിവച്ചു 

മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ രംഗത്തെ ടെക് സ്റ്റാര്‍ട്ട്അപ്പ് കമ്ബനിയായ ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്.
സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സ്ഥാപനത്തിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്റ് സെല്‍സ് രാജിവച്ചു. 2022 മാര്‍ച്ചിലും 2021 മാര്‍ച്ചിലും അവസാനിച്ച സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രാജിയെന്നാണ് സൂചന.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച്‌ ഒരു ആശയവിനിമയവും ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന്  ഡിലോയിറ്റ് പറയുന്നു. ബിഡിഒ ആണ് പുതിയ ഓഡിറ്റര്‍. 2022 മുതല്‍ അഞ്ചുവര്‍ഷത്തെ ഓഡിറ്റ് ഇവര്‍ നിര്‍വഹിക്കുമെന്ന് ബൈജൂസ് അറിയിച്ചു.
കഴിഞ്ഞജിവസം ബൈജൂസിന്റെ മൂന്ന് ബോര്‍ഡംഗങ്ങള്‍ രാജിവച്ചിരുന്നു. പീക്ക് എക്‌സ്വി പാര്‍ട്‌ണേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജി വി രവിശങ്കര്‍, വിവിയന്‍ വു (ചാന്‍ സക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്), റസല്‍ ഡ്രെയിന്‍ സെന്‍സ്റ്റോക്ക് (പ്രോസസ്)എന്നിവരാണ് രാജിവച്ചിരുന്നത്. ഇവരുടെ രാജി പിന്‍വലിക്കാന്‍ കമ്പനി ശ്രമം നടത്തുന്നുവെന്നാണ് സൂചന.
1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണുമായി ബന്ധപ്പെട്ട് പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് കമ്പനി കൂടുതല്‍ വിഷമവൃത്തത്തിലേക്ക് നീങ്ങുന്നത്.  തിരിച്ചടവ് വേഗത്തിലാക്കണമെന്ന ആവശ്യത്തിനെതിരേ കമ്പനി ഇപ്പോള്‍ ന്യൂയോര്‍ക്ക് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2500 ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി നിലവില്‍ ആയിരം പേരെ പിരിച്ചുവിടുന്നതിനുള്ള പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
eng­lish sum­ma­ry; Bil­lion­aire-Owned EdTech Firm Byju’s Faces Yet Anoth­er Cri­sis As Deloitte Resigns As Auditor
you may also like this video;

Exit mobile version