Site iconSite icon Janayugom Online

ബില്യണയര്‍ റൊണാള്‍ഡോ; ശതകോടീശ്വരനാകുന്ന ലോകത്തിലെ ആദ്യ ഫുട്ബോളര്‍

കളത്തിനകത്തും പുറത്തും റെക്കോഡുകള്‍ പലതും തന്റെ പേരില്‍ കുറിച്ചിട്ടുള്ള പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു നേട്ടം കൂടി. ശതകോടീശ്വരനാകുന്ന ലോകത്തിലെ ആദ്യ ഫുട്ബോൾ താരമായിരിക്കുകയാണ് റൊണാള്‍ഡോ. ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 1.4 ബില്യണ്‍ ഡോളറാണ് (ഏകദേശം 12,320 കോടി രൂപ) റൊണാള്‍ഡോയുടെ ആസ്തി.
മൈക്കേല്‍ ജോര്‍ദാന്‍, ടൈഗര്‍ വുഡ്‌സ്, ലെബ്രോണ്‍ ജെയിംസ്, റോജര്‍ ഫെഡറര്‍ എന്നീ കായിക താരങ്ങള്‍ നേരത്തെ പട്ടികയില്‍ ഇടംപിടിച്ചവരാണ്. എന്നാല്‍ ആദ്യമായാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒരു ഫുട്ബോള്‍ താരം ഇടംപിടിക്കുന്നത്. ക്ലബ്ബുകളില്‍ നിന്ന് കിട്ടുന്ന പണത്തിന് പുറമേ വിവിധ കമ്പനികളുടെ പരസ്യത്തില്‍ നിന്നും റോണോയ്ക്ക് വരുമാനം ലഭിച്ചിരുന്നു. പോപ്പുലര്‍ ബ്രാന്‍ഡായ നൈക്കിമായുള്ള കരാറില്‍ ഏകദേശം 18 മില്ല്യണ്‍ ഡോളറാണ് പ്രതിവര്‍ഷം താരത്തിന് ലഭിച്ചത്. മറ്റു പരസ്യങ്ങളില്‍ നിന്നുമായി 175 മില്യണ്‍ ഡോളറും പ്രതിഫലമായി ലഭിച്ചു. 

റെക്കോഡ് തുകയ്ക്ക് അല്‍ നസറിലെത്തിയ റൊണാള്‍ഡോ 400 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന വേതന വ്യവസ്ഥകളോടെ 2025ല്‍ ക്ലബ്ബുമായി കരാര്‍ പുതുക്കിയതോടെയാണ് ബില്യണര്‍മാരുടെ സംഘത്തിലേക്ക് എത്തിയത്. നൈക്കി, അർമാനി, സാംസങ്, യൂണിലീവർ, ലൂയി വിറ്റോൺ തുടങ്ങി പല ബ്രാൻ‍ഡുകളുമായും ക്രിസ്റ്റ്യാനോയ്ക്ക് കരാറുണ്ട്. ഇൻസ്റ്റഗ്രാമിൽ 600 മില്യൻ (600 ദശലക്ഷം )ഫോളോവേഴ്സാണ് റൊണാള്‍ഡോയ്ക്കുള്ളത്. ഇതില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. നേരത്തെ ഫോബ്‌സ് മാസിക പുറത്തുവിട്ട അതിസമ്പന്നരായ കായികതാരങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും റൊണാള്‍ഡോ ഒന്നാമതായിരുന്നു. 

Exit mobile version