ഉത്തർപ്രദേശ് നിയമസഭയിലേക്ക് ബിജെപിയും എസ്‍പിയും നേർക്കുനേർ കൊമ്പുകോർക്കുന്നുവെന്ന് പറയാമെങ്കിലും യഥാർത്ഥത്തിൽ മത്സരം ബഹുകോടീശ്വരൻമാർ തമ്മിൽ. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ആറാംഘട്ടത്തിൽ എസ്‍പിയുടെ 94 ശതമാനവും ബിജെപിയിൽ നിന്നുള്ള 81 ശതമാനവും ബിഎസ്‌പിയിൽ നിന്നുള്ള 77 ശതമാനവും കോൺഗ്രസിൽ നിന്നുള്ള 46 ശതമാനവും സ്ഥാനാർത്ഥികൾ കോടീശ്വരന്മാർ.
ബിജെപിക്കും സമാജ്‍വാദി പാർട്ടിക്കും 50 കോടി ക്ലബ്ബിൽ എട്ട് വീതവും 100 കോടി ക്ലബ്ബിൽ രണ്ട് പേർ വീതവും ഉണ്ടെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൽ (എഡിആർ) നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു.
ഇത്രയും സമ്പന്നരായ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോഴും ആളോഹരി വരുമാന റാങ്കിങ്ങിൽ രാജ്യത്ത് ഏറ്റവും താഴെ നില്ക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ആർബിഐ റിപ്പോർട്ട് അനുസരിച്ച് 2020–21 ൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം 44,600 രൂപയായിരുന്നു. ഇന്ത്യയുടെ ദേശീയ ശരാശരിയായ 95,000 രൂപയുടെ പകുതി മാത്രമാണിത്.
രാംപുരിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി കാസിം അലി ഖാൻ (നവേദ് മിയാൻ) ആണ് ഏറ്റവും വലിയ ധനികൻ. പഴയ നവാബ് കുടുംബാംഗമായ നവേദ് മിയാന് 296 കോടി രൂപയുടെ ആസ്തിയുണ്ട്. എസ്‍പിയുടെ അസം ഖാനെയാണ് ഇത്തവണ നേരിടുന്നത്. നേരത്തെ ബിഎസ്‌പി, എസ്‍പി, കോൺഗ്രസ് ടിക്കറ്റുകളിൽ വിജയിച്ച നവാബ് അഞ്ച് തവണ എംഎൽഎയായിട്ടുണ്ട്.
അസം ഖാന്റെ മകൻ അബ്ദുള്ളയ്ക്കെതിരെ സുവാർ സീറ്റിൽ നവേദ് മിയാന്റെ മകനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. എസ്‍പിക്ക് വേണ്ടി ബറേലി കാന്റിൽ ജനവിധി തേടുന്ന സുപ്രിയ ആരോൺ 157 കോടി രൂപയുടെ ആസ്തിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ബറേലി എംപി പ്രവീൺ സിങ്ങിന്റെ ഭാര്യയാണ് സുപ്രിയ.
ബിജെപിയുടെ മീററ്റ് കാന്റ് സ്ഥാനാർത്ഥി അമിത് അഗർവാൾ 148 കോടി രൂപ മൂല്യമുള്ള സ്ഥാനാർത്ഥിയാണ്. മൂന്ന് പതിറ്റാണ്ടായി ബിജെപി ഇവിടെ വിജയിക്കുന്നു. നാല് തവണ എംഎൽഎയായ മറ്റൊരു സമ്പന്ന സ്ഥാനാർത്ഥി സത്യപ്രകാശ് അഗർവാളിന് ടിക്കറ്റ് നിഷേധിച്ചാണ് അമിതിനെ മത്സരിപ്പിക്കുന്നത്. നാലാമത്തെ സമ്പന്ന സ്ഥാനാർത്ഥി അംറോഹയിലെ നൗഗവൻ സീറ്റിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന ദേവേന്ദ്ര നാഗ്പാൽ ആണ്.
140 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 112 കോടി രൂപയുടെ ആസ്തിയുള്ള മഥുരയിലെ ബിഎസ്‍പി സ്ഥാനാർത്ഥി എസ് കെ ശർമ്മ 100 കോടി ക്ലബ്ബിലെ അഞ്ചാമത്തെ സ്ഥാനാർത്ഥിയാണ്. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ബിജെപിയിൽ നിന്ന് ബിഎസ്‌പിയിലേക്ക് മാറുകയായിരുന്നു.
ആർജെഡി നേതാവ് ലാലു പ്രസാദിന്റെ മരുമകൻ രാഹുൽ യാദവ് 100 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. 2017ലെ തെരഞ്ഞെടുപ്പിൽ സിക്കന്ദ്രബാദിൽ മത്സരിച്ചെങ്കിലും ബിജെപിയുടെ ബിംല സോളങ്കിയോട് പരാജയപ്പെട്ടു. ഇത്തവണയും എസ്‍പി ടിക്കറ്റിലാണ് അദ്ദേഹം ഇവിടെ മത്സരിക്കുന്നത്. മുംബൈയിലെ ബിസിനസ് ഗ്രൂപ്പിന്റെ ഉടമ റയീസ് അഹമ്മദ് 73 കോടിയുടെ ആസ്തിയോടെ ബദൗൻ സദറിൽ നിന്ന് എസ്‍പി ടിക്കറ്റിൽ മത്സരിക്കുന്നു.
english summary; Billionaires are competing in starving UP
you may also like this video;