Site icon Janayugom Online

ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി: ജയിലില്‍ അടച്ചത് ഭീഷണിക്ക് വഴങ്ങാത്തതിനാലെന്ന് ബിനീഷ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. അറസ്റ്റിലായി ഒരുവര്‍ഷത്തിന് ശേഷമാണ് ബിനീഷിന്റെ ജയില്‍ മോചനം. ഭീഷണിക്ക് വഴങ്ങാത്തതിനാലാണ് തന്നെ ജയിലില്‍ അടച്ചതെന്ന് തിരുവനന്തപുരത്ത് എത്തിയശേഷം ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സത്യം ജയിക്കുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത്. കേരളത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവര്‍ പറയുന്നതുപോലെ പറയാന്‍ തയ്യാറാകാത്തതാണ് തന്നെ കേസില്‍ പെടുത്താന്‍ കാരണമെന്നും ബിനീഷ് ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ അതുപോലെ പറഞ്ഞിരുന്നെങ്കില്‍ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നു. കേസ് കെട്ടിച്ചമച്ചതാണ്. ഇന്ത്യയിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇതിനുപിന്നില്‍. ഗൂഢാലോചന ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും കേരളത്തില്‍ എത്തിയശേഷം വിശദീകരിക്കുമെന്നും ബിനീഷ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കിയത്. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ ജാമ്യത്തിലാണ് കോടതി  ജാമ്യം അനുവദിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജാമ്യക്കാര്‍ പിന്മാറുകയും പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോള്‍ സമയം വൈകുകയും ചെയ്തതാണ് ബിനീഷിന്റെ ജയില്‍മോചനം ശനിയാഴ്ചയിലേക്ക് നീളാൻ കാരണം.

 

Eng­lish Sum­ma­ry: Bineesh Kodiy­eri arrives in Thiru­vanan­tha­pu­ram: Bineesh says he was locked up in jail for not giv­ing in to threats

You may like this video also

Exit mobile version