കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം. കർണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്തിന്റേതാണ് ഇടക്കാല ഉത്തരവ്.
ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു. ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല. നേരത്തേ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ വിടുതൽ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ബിനീഷ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
English Summary: bineesh kodiyeri ed case; karnataka high court stayed proceedings
You may also like this video