ഹനുമകൊണ്ട ജില്ലയിലെ ഗുണ്ട്ല സിങ്കാരം പ്രദേശത്ത് ഭൂരഹിതരെ സംഘടിപ്പിച്ച് സിപിഐ നടത്തിവരുന്ന ഭൂമി പിടിച്ചെടുക്കൽ സമര കേന്ദ്രത്തിൽ ബിജെപി ഗുണ്ടകൾ നടത്തിയ അക്രമണത്തിന്റെ പശ്ചാതലത്തിൽ തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തെഴുതി സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. സംഭവത്തിൽ കുടിൽകെട്ടി താമസിക്കുന്ന 30 പാവപ്പെട്ട സ്ത്രീകൾക്കും നിരവധി സിപിഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
തരിശുഭൂമിയിൽ സിപിഐ നേതൃത്വത്തിൽ കുടിൽകെട്ടി ആരംഭിച്ച സമരകേന്ദ്രത്തിനുനേരെയാണ് ഭൂമാഫിയയുടെ ഒത്താശയോടെ ആർഎസ്എസ് ഗുണ്ടകൾ അക്രമണം നടത്തിയത്.
ഭൂമാഫിയയുടെ മുന്നിൽ നിശബ്ദമായി നിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മനോഭാവത്തെയും ബിനോയ് വിശ്വം കത്തില്‍ ചൂണ്ടികാട്ടി. അക്രമികളുടെ ഒപ്പംനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പാവപ്പെട്ട ജനങ്ങളെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തു. പൊലീസിന്റെ ഇത്തരത്തിലുള്ള സമീപനം നിയമലംഘനമാണെന്നും ബിനോയ് വിശ്വം കത്തില്‍ വ്യക്തമാക്കി.
ഭൂരഹിതർക്കെതിരെയുള്ള പൊലീസിന്റെ അതിക്രമങ്ങളെക്കുറിച്ച് ശരിയായ അന്വേഷണം ആരംഭിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കത്തില്‍ പറഞ്ഞു. പാവപ്പെട്ടവർക്കായി ഒരു ഭവന പദ്ധതി ആരംഭിക്കുക, വീടില്ലാത്തവർക്ക് വീടുകൾ നല്‍കുക, ഭൂരഹിതർക്ക് സർക്കാർ ഭൂമി വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ബിനോയ് വിശ്വം എംപി കത്ത് നല്‍കിയത്.
English summary;Binoy Vishwam MP writes letter to Telangana Chief Minister
You may also like this video;