ഹിന്ദു വർഗീയ വാദികളുടെ വിഭജന തന്ത്രം കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി. ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ടയ്ക്ക് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. മറ്റു സംസ്ഥാനങ്ങളിൽ വർഗീയ വാദികൾ പ്രയോഗിക്കുന്ന വിഭജന തന്ത്രം കേരളത്തിൽ നടപ്പാകാത്തത് ഇവിടെ ശക്തമായ ഇടതുപക്ഷ സാന്നിധ്യം ഉള്ളതുകൊണ്ടാണെന്നും എല്ലാ വിഭാഗം വർഗീയതയെയും ചെറുത്തു തോൽപ്പിക്കുന്നതിന് ഇടതുപക്ഷ ഐക്യം പരമ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇഎംഎസ് സ്മൃതി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരം വർഷങ്ങൾ മുമ്പുള്ള ഇന്ത്യൻ ജനതയുടെ പാരമ്പര്യം സംബന്ധിച്ച പഠനത്തിനായുള്ള പദ്ധതി ഒരു ഫാസിസ്റ്റ് അജണ്ടായാണ്. സമാനമായ പഠനം ജർമനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
കേരളത്തിന്റെ വികസന വഴികൾ വെട്ടിത്തുറന്നതിൽ 1957ലെ ഇഎംഎസ് സര്‍ക്കാരും 1971ലെ സി അച്യുതമേനോൻ സര്‍ക്കാരും വഹിച്ച പങ്ക് അനിഷേധ്യമാണ്. കാലവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികളുടെ കാലഘട്ടത്തിൽ, കേരളത്തിന്റെ വികസന സംവാദങ്ങളിൽ പാരിസ്ഥിതിക പരിഗണനകൾ ഒഴിവാക്കാൻ പാടില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയവും സംവാദങ്ങളിൽ പ്രസ്തുതമാണെന്ന് ബിനോയ് വിശ്വം കൂട്ടിചേർത്തു.
രണ്ടുദിവസങ്ങളിലായി നടന്ന ഇഎംഎസ് സ്മൃതിയിൽ സമാപനസമ്മേളനം സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
English Summary: Binoy Vishwam says separatist strategy of Hindu communalists will not work
You may like this video also