Site iconSite icon Janayugom Online

ഗവര്‍ണര്‍ പദവി ഇല്ലാതാക്കണം; സ്വകാര്യ ബില്ലുമായി ബിനോയ് വിശ്വം എംപി

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കു മേല്‍ വിലങ്ങു തടിയാകുന്ന ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന ആവശ്യവുമായി സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം. ഇത് സംബന്ധിച്ച സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി രാജ്യസഭാ സെക്രട്ടറി ജനറലിന് ഇന്നലെ നോട്ടീസ് നല്‍കി. ഗവര്‍ണര്‍ ഓഫിസ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നോട്ടീസില്‍ പറയുന്നു.

ഗവര്‍ണറുടെ ഓഫീസ് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അധികാര സന്തുലനത്തിന് എതിരാണ്. സംയുക്ത ഭരണ വ്യവസ്ഥയില്‍ ഗവര്‍ണര്‍ പദവി സര്‍ക്കാരുകള്‍ക്ക് ബാധ്യതയാണ്. ജനങ്ങളാലല്ല ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ജന പ്രതിനിധികളുമല്ല ഗവര്‍ണറെ നിയോഗിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഭരണ നടപടികളില്‍ ഇടപെടുന്നത് അംഗീകരിക്കാനാകില്ല.

കൊളോണിയല്‍ ഭരണ നീക്കങ്ങളുടെയും സമ്പ്രദായങ്ങളുടെയും ബാക്കിയാണ് ഗവര്‍ണര്‍ പദവി. ഇത് ബ്രിട്ടീഷ് കോളനി വാഴ്ച ബാക്കിയാക്കിയ തസ്തികയാണ്. ജനങ്ങളുടെ യഥാര്‍ത്ഥമായ ജനാധിപത്യ ആഗ്രഹങ്ങള്‍ ഹനിക്കാനുള്ള ഈ തസ്തിക ഇല്ലാതാക്കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്ന് ബിനോയ് വിശ്വം നോട്ടീസില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരുകളുടെ ദൈനംദിന നടപടികളില്‍ ഗവര്‍ണര്‍മാരുടെ ഇടപെടലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉയരുന്ന എതിര്‍പ്പുകളും നോട്ടീസില്‍ പരാമര്‍ശിക്കുന്നു.

സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നത് വ്യാപകമാണ്. കേരളത്തിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരാട്ടവും ഇക്കൂട്ടത്തില്‍ എടുത്തു പറയുന്നുണ്ട്. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസില്‍ പാസാക്കിയ പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് ഇത്തരമൊരു നീക്കമെന്നും ബിനോയ് വിശ്വം അജോയ് ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Binoy Viswam demand­ed to abol­ish the post of governor
You may also like this video

Exit mobile version