Site icon Janayugom Online

തെരഞ്ഞെടുപ്പിനെ നേരിടാൻ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകണം: ബിനോയ് വിശ്വം

വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പുകളെ നേരിടാൻ ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ഉണ്ടായേ തീരൂവെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി പറഞ്ഞു. വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘപരിവാർ എല്ലാ ഫാസിസ്റ്റ് തന്ത്രങ്ങളും പുറത്തെടുക്കുന്നത് ജാഗ്രതയോടെ പ്രധാന രാഷ്ട്രീയ പാർട്ടികൾ കാണേണ്ടിയിരിക്കുന്നു. ജർമൻ ഫാസിസം പോലെ ഇന്ത്യൻ ആർഎസ്എസും ദേശീയത ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ ദേശീയതയ്ക്ക് ഭീഷണിയായ ഭരണകക്ഷിയെ പരാജയപ്പെടുത്താൻ മതേതര-ജനാധിപത്യ‑ഇടതുപക്ഷ ശക്തികളെ ഒന്നിപ്പിക്കണം.

സഖ്യം സാധ്യമായാൽ വിജയം ഉറപ്പാണ്. ഇതിനായി സിപിഐ മുന്നിലുണ്ടാകും. പാർട്ടികളുടെ വലിപ്പച്ചെറുപ്പത്തിലല്ല ഐക്യത്തിനാണ് പ്രാധാന്യം. ഇടതുപക്ഷ ഐക്യം രാജ്യത്തിന്റെ മതേതരത്വത്തിന് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര നടത്തുന്നവർ കോൺഗ്രസിലാണ് ആദ്യം ഐക്യം ഉണ്ടാക്കേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ റവന്യുമന്ത്രി അഡ്വ. കെ രാജൻ, പി പി സുനീർ, എൻ രാജൻ, അഡ്വ. പി വസന്തം എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. അഡ്വ. കെ ഗീവർഗീസ് (കൺവീനർ), സജി വർഗീസ്, എം വി ബാബു, എസ് ബിന്ദു, വി കെ ശശിധരൻ എന്നവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

Eng­lish Sum­ma­ry: Binoy viswam that there should be oppo­si­tion unity
You may also like this video

Exit mobile version