Site iconSite icon Janayugom Online

ജൈവ വൈവിധ്യ നിയമ ഭേദഗതി: ഗുരുതര ദോഷഫലങ്ങളെന്ന് വിദഗ്ധര്‍

ജൈവ വൈവിധ്യ നിയമത്തില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികള്‍ ഗുരുതര ദോഷഫലങ്ങളുണ്ടാക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. രാജ്യത്തിന്റെ ജൈവസമ്പത്തുകളെ സംരക്ഷിക്കുന്നതിനുപകരം അവയെ സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് പുതിയ ഭേദഗതികള്‍ വഴിവയ്ക്കുകയെന്നും വനങ്ങളെയും മറ്റും ആശ്രയിച്ച് ഉപജീവനം നടത്തുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര വനം-കാലാവസ്ഥാ വ്യതിയാനം മന്ത്രാലയം 2021 ഡിസംബറിലാണ്, 2002ലെ ബയോളജിക്കല്‍ ഡൈവേഴ്സിറ്റി ആക്ടില്‍ വ്യാപകമായ ഭേദഗതികള്‍ വരുത്തുന്നതിനായുള്ള ബയോളജിക്കല്‍ ഡൈവേഴ്സിറ്റി ആക്ട്(ഭേദഗതി) ബില്ല് കൊണ്ടുവരുന്നതിന് ശുപാര്‍ശ നല്കിയത്. പ്രകൃതിവിഭവങ്ങളുടെ അവകാശവും ഉപയോഗവും സംബന്ധിച്ച് നിയമത്തിലൂടെ സ്ഥാപിതമായ നിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന തരത്തിലാണ് ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.

പ്രകൃതിസമ്പത്തിന്റെയും അതുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളുടെയും ഗുണഫലങ്ങള്‍ സുസ്ഥിരവും നീതിയുക്തവും തുല്യവുമായ നിലയില്‍ വിതരണം ചെയ്യുകയെന്ന, 1992ലെ യുഎന്‍ ജൈവവൈവിധ്യ കണ്‍വെന്‍ഷന്റെ ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് 2002ല്‍ ഇന്ത്യ ജൈവവൈവിധ്യ നിയമം പാസാക്കിയത്. പുതിയ ഭേദഗതിയില്‍ ‘ജൈവവൈവിധ്യം’ എന്ന വാക്കിന് പകരം ‘പ്രകൃതിവിഭവങ്ങള്‍’ എന്നും ‘വിജ്ഞാനം കൈവശമുള്ളവര്‍’ എന്നതിന് പകരം ‘അനുബന്ധ പരമ്പരാഗത വിജ്ഞാനം കൈവശമുള്ളവര്‍’ എന്നും മാറ്റണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

പരിഗണനയിലുള്ളത് അപകടകരമായ മാറ്റങ്ങളാണെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ജൈവവൈവിധ്യ സംരക്ഷണവും ജൈവവൈവിധ്യങ്ങളുടെ സൂക്ഷിപ്പുകാരായ ജനവിഭാഗങ്ങളുടെ അവകാശങ്ങളുടെ അംഗീകാരവും ഉള്‍പ്പെടെ ഭേദഗതി നിയമം പരിഗണിക്കുന്നില്ല. മറിച്ച് പ്രകൃതി വിഭവങ്ങളെ കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നുവെന്നും സംഘടനകള്‍ പറയുന്നു. ബില്ല് ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി എട്ടിന് നടന്ന സിറ്റിങ്ങില്‍ ഇത് സംബന്ധിച്ച് പരിസ്ഥിതി സംഘടനകളുടെയും എട്ട് സംസ്ഥാനങ്ങളുടെ ബയോഡൈവേഴ്സിറ്റി ബോര്‍ഡുകളുടെയും അഭിപ്രായങ്ങള്‍ പാര്‍ലമെന്ററി സമിതി ശേഖരിച്ചിട്ടുണ്ട്. 

ENGLISH SUMMARY:Biodiversity Law Amend­ment: Experts Say Seri­ous Disadvantages
You may also like this video

Exit mobile version