Site iconSite icon Janayugom Online

വീണ്ടും പക്ഷിപ്പനി; കരുവാറ്റയിലും പുറക്കാട്ടും ഉടന്‍ കള്ളിങ്

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളിലാണ് പുതിയതായി രോഗ ബോധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാർത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഡിസംബർ നാല് വരെ നിരോധിച്ച് ജില്ല കളക്ടർ വി ആർ കൃഷ്ണ തേജ ഉത്തരവിറക്കി.

രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടൻ ആരംഭിക്കും. പുറക്കാട് പഞ്ചായത്തിലെ 9,300 പക്ഷികളേയും കരുവാറ്റ ഗ്രാമപഞ്ചായത്തിലെ 292 പക്ഷികളെയുമാണ് നശിപ്പിക്കേണ്ടത്. കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ കരുവാറ്റ, പുറക്കാട് ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകി. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടി ശക്തമാക്കാൻ ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു. 

പ്രഭവകേന്ദ്രത്തിന് അകത്തേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ല എന്ന് പൊലീസ് ഉറപ്പ് വരുത്തണം. അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട് തഹസീൽദാർമാരും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. അതേസമയം, ജില്ലയിൽ എല്ലാ വർഷവും പക്ഷിപ്പനി ബാധയുണ്ടാകുന്നതിന്റെ കാരണം കണ്ടെത്തണമെന്ന കളക്ടറുടെ നിർദേശ പ്രകാരം നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് രണ്ട് ആഴ്ചയ്ക്കകം നൽകുമെന്നു മൃഗസംരക്ഷണ അധികൃതർ പറഞ്ഞു. ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ട്. നേരത്തെ എത്തിയ കേന്ദ്ര സംഘം വിശദമായ പഠനം നടത്തിയിരുന്നു. അതിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. 

Eng­lish Summary:Bird flu again; Culling soon at Karuwa­ta and Purakkat
You may also like this video

Exit mobile version