Site icon Janayugom Online

കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി

കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. എടത്വ, ചെറുതന പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം നിരവധി താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. താറാവുകളുടെ സാമ്പിളുകൾ ഭോപ്പാലിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിലേക്ക് മൃഗസംരക്ഷണ വകുപ്പ് അയച്ചിരുന്നു. പരിശോധിച്ച മൂന്ന് സാമ്പിളുകളും പോസീറ്റീവ് ആണെന്നാണ് റിപ്പോർട്ട്. സാധാരണ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ ഡിസംബർ-ജനുവരി മാസങ്ങളിലാണ് രോഗബാധ വ്യാപകമായിരുന്നത്. രോഗബാധ സ്ഥിരീകരിച്ച മേഖല കണ്ടെയൻമെന്റ് സോണുകളാക്കി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യ‑മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ച് വരുന്നത്. എച്ച്5 എൻ1 വിഭാഗത്തിലുള്ള വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. വായുവിലൂടെയാണ് രോഗം പടരുക. മനുഷ്യരിലേക്കുള്ള സാധ്യത വളരെ കുറവാണ്. 

2014, 16, 20, 21, 22 വർഷങ്ങളിൽ‍ പക്ഷിപ്പനി പിടിപെട്ട് ആയിരക്കണക്കിന് താറാവുകൾ ജില്ലയിൽ ചത്തിരുന്നു. കഴിഞ്ഞ വരഷം ജനുവരിയിൽ പക്ഷിപ്പനി മൂലവും മേയ് മാസത്തിൽ ബാക്ടീരിയ ബാധമൂലവും താറാവുകൾ ചത്തിരുന്നു. ആവർത്തിച്ച് വരുന്ന രോഗബാധ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുകയാണ്. രോഗബാധ കണ്ടെത്തിയ പ്രദേശത്തെ പക്ഷികളെ കൊന്നൊടുക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങും. അതിനായി പ്രത്യേക സംഘത്തെ ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക യോഗവും കളക്ടറേറ്റിൽ വരും ദിവസങ്ങളിൽ ചേരും. 

ഈ വൈറസ് മനുഷ്യരിലേക്കും ബാധിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ വളർത്തുപക്ഷികളുമായി നേരിട്ട് ബന്ധപ്പെടുന്ന കർഷകരടക്കം ജാഗ്രത പാലിക്കണം. ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം വയറിളക്കം, ഓക്കാനം, അപസ്മാരം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. താറാവുകൾ ചത്ത മേഖലകളിലെ കർഷകർക്ക് ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തും. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5 എൻ1. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. ദേശാടന പക്ഷികൾ വഴിയാണ് രോഗബാധ വ്യാപകമാകുന്നതെന്നാണ് ഇപ്പോഴുള്ള നിഗമനം. 

Eng­lish Sum­ma­ry: Bird flu again in Kuttanad
You may also like this video

Exit mobile version