Site iconSite icon Janayugom Online

പക്ഷിപ്പനി നഷ്ടപരിഹാരം ഉടന്‍: മന്ത്രി ചിഞ്ചുറാണി

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ ‘കള്‍’ ചെയ്യപ്പെട്ടതുമായ പക്ഷികള്‍ക്കും നശിപ്പിച്ച മുട്ടകള്‍ക്കും തീറ്റയ്ക്കും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതായി മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.
രണ്ട് മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവയ്ക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നഷ്ടപരിഹാരം നല്‍കും. മുട്ട ഒന്നിന് അഞ്ചു രൂപയും കോഴിത്തീറ്റ കിലോയ്ക്ക് 12 രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ ഉയർന്ന നിരക്കിലാണ് നഷ്ടപരിഹാരം സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത്. നഷ്ടപരിഹാരം നല്‍കുന്ന കാലതാമസം ഒഴിവാക്കുന്നതിനായി കേന്ദ്ര വിഹിതം ലഭിക്കുന്നതിനു മുമ്പ് തന്നെ നഷ്ടപരിഹാരത്തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപസ് ഫണ്ടിൽ നിന്നും നൽകുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതെന്നും മന്ത്രി അറിയിച്ചു.
പക്ഷികള്‍, കോഴികള്‍, താറാവുകള്‍ തുടങ്ങിയവ കൂട്ടത്തോടെ ചത്തുവീഴുന്ന സാഹചര്യം ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴി ഇറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മന്ത്രി അറിയിച്ചു.

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും

1. ചത്ത പക്ഷികളെയും രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ ഇവയുടെയൊക്കെ കാഷ്ടമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.
2. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.
3. കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുമ്പും പിമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.
4. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാംവിധം പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തിൽ അറിയിക്കുക.
6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപ്പെടുക.
7. വ്യക്തി ശുചിത്വം കൃത്യമായി പാലിക്കുക.
8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
9. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
10. ശുചീകരണത്തിനായി രണ്ടു ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.

Eng­lish Summary;Bird flu com­pen­sa­tion soon: Min­is­ter Chinchurani

You may also like this video

Exit mobile version