Site icon Janayugom Online

അന്റാർട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു

അന്റാർട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേർഡ് ഐലന്റിലെ ബ്രൗൺ സ്കുവ പക്ഷികളിലാണ് പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. തെക്കൻ അമേരിക്കൻ പ്രദേശങ്ങളിൽ ദേശാടനത്തിനു പോയി വന്ന പക്ഷികളിൽ നിന്നാവാം രോഗം പടർന്നതെന്ന നിഗമനം. ചിലിയിലും പെറുവിലും മാത്രമായി അഞ്ച് ലക്ഷത്തോളം കടൽ പക്ഷികൾ പക്ഷിപ്പനി ബാധിച്ച് ചത്തൊടുങ്ങി. ബേർഡ് ഐലൻഡിൽ വാൻ തോതിൽ ബ്രൗൺ സ്കുവ പക്ഷികൾ ചത്തൊടുങ്ങിയതോടെ ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകര്‍ പക്ഷികളുടെ സ്രവങ്ങൾ യുകെയിലെ ലാബുകളിലേക്ക് അയക്കുകയായിരുന്നു.

ഹിമപ്രദേശങ്ങളിലും പക്ഷിപ്പനി എത്തിയതോടെ പെൻഗ്വിനുകളുടെയും സീലുകളുടെയും നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കയിലാണ് ഗവേഷകർ. ബേർഡ് ഐലൻഡിൽ മാത്രം പ്രത്യുത്പാദനം നടത്തുന്ന 50,000 ജോഡി പെൻഗ്വിനുകളും അത്ര തന്നെ വരുന്ന ഫർ സീലുകളുമാണുള്ളത്. ഇതുവരെ പക്ഷിപ്പനി പോലുള്ള രോഗങ്ങളെ അഭിമുഖീകരിക്കാത്ത ജീവജാലങ്ങളെ ഇത് ഏത് തരത്തിൽ ബാധിക്കുമെന്ന ആശങ്കയുണ്ട്. സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച് നടത്തിയ പഠനങ്ങളനുസരിച്ച് പക്ഷിപ്പനി ആദ്യം ബാധിക്കുന്നത് ഫര്‍ സീലുകള്‍, സ്‌കുവ, കടല്‍ക്കാക്കകള്‍ തുടങ്ങിയവയെയാകും. പെന്‍ഗ്വിനുകള്‍ ബാധിക്കപ്പെടുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

പക്ഷികളുടെ പ്രത്യുൽപ്പാദനം പോലുള്ള കാര്യങ്ങളെ പക്ഷിപ്പനി കാര്യമായി ബാധിക്കുമെന്നാണ്‌ അന്റാര്‍ട്ടിക് വൈല്‍ഡ്‌ലൈഫ് ഹെല്‍ത്ത് നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. അതേസമയം ഇവിടുത്തെ ചില കടല്‍പ്പക്ഷികള്‍ പക്ഷിപ്പനിയ്ക്ക് എതിരേ പ്രതിരോധ ശേഷി നേടിയെന്നുള്ള ആശ്വാസകരമായ പഠനറിപ്പോർട്ടുമുണ്ട്. പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5എന്‍1. ഇത് ഒരു തരം ഇന്‍ഫ്ളുവന്‍സ വൈറസാണ്. സ്രവങ്ങള്‍ വഴി പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് കൂടുതലും പകരുന്നത്. 

Eng­lish Sum­ma­ry: Bird flu con­firmed for first time in Antarctica
You may also like this video

Exit mobile version