ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും കാക്കകൾ കൂട്ടത്തോടെ ചത്തു വീഴുന്നത് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ പക്ഷിപ്പനി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഡയാർ, വേളച്ചേരി, തിരുവാന്മിയൂർ തുടങ്ങിയ മേഖലകളിലും ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപവുമാണ് ആയിരത്തോളം കാക്കകൾ ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത കാക്കകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധിച്ചപ്പോൾ അതിതീവ്ര വ്യാപനശേഷിയുള്ള എച്ച്5എൻ1 ഏവിയൻ ഇൻഫ്ലുവൻസ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ കേന്ദ്ര സർക്കാർ തമിഴ്‌നാടിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പക്ഷികൾ ചത്തു വീഴുന്ന മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചത്ത പക്ഷികളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും വന്യജീവികളോ മറ്റ് പക്ഷികളോ അവ ഭക്ഷിക്കാതെ നോക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്ന കേസുകളൊന്നും തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.

