Site iconSite icon Janayugom Online

പക്ഷിപ്പനി; ഫലം വൈകിയത് വിമാന കമ്പനികളുടെ എതിർപ്പ് മൂലം

കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും താറാവ് കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ നിന്നും പരിശോധനാഫലം വൈകിയത് വിമാന കമ്പനികളുടെ എതിർപ്പ് മൂലം. ചത്ത താറാവുകളുടെ സാമ്പിളുകൾ ഭോപ്പാലിലേയ്ക്ക് കൊണ്ടുപോകുന്നതിന് വിമാന കമ്പനികൾ തയ്യാറായിരുന്നില്ല. കഴിഞ്ഞ ആറിനാണ് സാമ്പിളുകൾ കൊണ്ടുപോകുവാൻ ശ്രമിച്ചത്. പിന്നീട് എട്ടാം തീയതി എയർ ഇന്ത്യയുടെ വിമാനത്തിലാണ് സാമ്പിളുകൾ അയച്ചത്.

ഇന്നലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത തകഴി, പുറക്കാട്, മേഖലകളിലെ ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിൽ 36 കോഴികളേയും രണ്ട് താറാവുകളേയും പ്രതിരോധം എന്ന നിലയിൽ ചുട്ടുകൊന്നതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. എ ജി ജിയോ ജനയുഗത്തോട് പറഞ്ഞു. നിരവധി മുട്ടകളും നശിപ്പിച്ചു. താറാവുകൾ കൂട്ടത്തോടെ ചത്ത നെടുമുടി, പള്ളിപ്പാട്, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിലെ സാമ്പിളുകളും ഭോപ്പാലിലേയ്ക്ക് അയച്ചിട്ടുണ്ട്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും നിയന്ത്രണം തുടരുകയാണ്. ദേശാടന പക്ഷികൾക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന പരിശോധനയും ശക്തമാക്കി. ഇതിനായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:Bird flu; The result was delayed due to oppo­si­tion from airlines
You may also like this video

YouTube video player
Exit mobile version