കോടികൾ വിലമതിക്കുന്ന പക്ഷികളെ കടത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാന താവളത്തിൽ കസ്റ്റംസിന്റെ പിടിയിൽ. തായ്‌ലൻഡിൽ നിന്നും കൊണ്ടുവന്ന കോടികൾ വിലമതിക്കുന്ന വംശനാശ ഭീഷണി നേരിടുന്ന 11 അപൂര്‍വ ഇനം പക്ഷികളെയാണ് ദമ്പതികൾ കടത്തിയത്. സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ പെടുന്ന പക്ഷികളാണിത്. ഇവയെ കൊണ്ടുവരുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്.
ഏതെങ്കിലും മൃഗശാല വഴിയേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഇതെല്ലാം ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഭാര്യയും ഭർത്താവും ഏഴു വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബം എത്തിയത്. തുടർന്ന് ഇവരുടെ ചെക്ക് ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജൻസ് യൂണിറ്റ് അപൂർവയിനം പക്ഷികളെ കണ്ടെത്തിയത്.

