ഹാസ്യരചനകൾ കൊണ്ട് മലയാളിയുടെ ചിന്താമണ്ഡലത്തെ പ്രചോദിപ്പിച്ച് സാഹിത്യലോകത്ത് തനത് വ്യക്തി മുദ്ര പതിപ്പിച്ച സാഹിത്യകാരന്‍ പി സുബ്ബയ്യാപിള്ളയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽ. ചിരിയുടെ മേമ്പൊടിയിൽ കണ്ണീരിന്റെ കഥകളാണ് സുബ്ബയ്യാപിള്ള പറഞ്ഞത്. പതിനൊന്ന് സമാഹാരങ്ങളിലായി ഇരുന്നോറോളം കഥകളും, നാല് നോവലുകളും, എട്ട് നർമ്മലേഖന സമാഹാരങ്ങളും, രണ്ട് സഞ്ചാര സാഹിത്യ കൃതികളും അഞ്ച് ബാല സാഹിത്യകഥകളും, ജീവചരിത്രവും, സ്മരണകളും ഉൾപ്പെടെ നാല്പത്തിയൊന്ന് കൃതികൾ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു. ‘അമ്പട ഞാനേ’, എന്ന ഹാസ്യ നോവലിനു 1999ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
ഭാര്യയുണ്ട് സൂക്ഷിക്കുക, സുബയ്യാപിള്ളയുടെ കഥകൾ, പൂജ്യം വീണ്ടും ഒരു പ്രേമ കഥ, എല്ലാവർക്കും സ്വാഗതം, ചന്ദ്രഹാസം, അത്യുന്നതങ്ങളിൽ, വാർത്തകൾ ചുരുക്കത്തിൽ, കാലം വരച്ച ചിത്രങ്ങൾ, ഇവിടെ ക്ഷേമം, നോൺസെൻസ് ക്ലബ്ബ് തുടങ്ങിയ കഥാസമാഹാരങ്ങളും, രണ്ട് കാലുകൾ, അമ്മാവൻ രാജധാനിയിൽ, സ്വയം വരം, അമ്പട ഞാനേ എന്നീ നോവലുകളും ആരുമില്ലാത്ത നമ്മൾ,രംഗങ്ങൾ എന്നീ സ്മരണകളും, ചിരിക്കാൻ ഒരു യാത്ര, ഡൽഹി — കലമാൻ കുന്ന് എന്നിങ്ങനെ രണ്ട് സഞ്ചാര സാഹിത്യവും, ഹാസ്യപുരാണം, പാവം പൊതുജനം, ശില്പികളുടെ ചിരി, അടി മുതൽ മുടി വരെ, പ്രസാദ പലവക, അപസ്വരങ്ങൾ, വികൃതികൾ എന്നിങ്ങനെ നിരവധി ലേഖനങ്ങളും ഈസോപ്പ് പ്രതികാരം, ആഗ്രഹങ്ങൾ, കൊടുമുടി, യാത്രക്കാരിൽ ചിലർ, എന്തും ആകാം, വിചിത്ര ജീവികൾ എന്നിങ്ങനെ നാടകങ്ങളും പണ്ട് പണ്ട്, എന്തെല്ലാം കഥകൾ, അകലെ വളരെ അകലെ, നമ്പ്യാരുടെ ചിരി, ദൈവത്തിന് ബുദ്ധി പോര തുടങ്ങിയ ബാല സാഹിത്യ കൃതികളും തിരു-കൊച്ചി ധനകാര്യ മന്ത്രി ആയിരുന്ന പി എസ് നടരാജ്പിള്ളയുടെ ജീവ ചരിത്രവും ഉൾപ്പെടെ നിരവധി സാഹിത്യ രചനകളാണ് സുബ്ബയ്യാപിള്ള നിര്‍വഹിച്ചത്.
കുങ്കുമം വാരികയുടെ പത്രാധിപർ ആയും ചിരി വീണ്ടും ചിരി എന്ന വിനോദ മാസികയുടെ സ്ഥാപക പത്രാധിപർ ആയും സേവനമനുഷ്ഠിച്ചു. പി സുബ്ബയ്യാപിളളയുടെ ഉടമസ്ഥയിൽ ആരംഭിച്ച ചിരി വീണ്ടും ചിരി എന്ന വിനോദ മാസിക നഷ്ടത്തിലാകുകയും സാമ്പത്തിക ബാധ്യത തീർക്കാൻ പത്തനാപുരത്തുണ്ടായിരുന്ന കുടുംബ വീടും പുരയിടവും വിൽക്കേണ്ടി വരികയും ചെയ്തു. 1985ൽ നർമ്മ കൈരളി എന്ന സംഘടന സുകുമാർ, വേളൂർ കൃഷ്ണൻ കുട്ടി, ആനന്ദകുട്ടൻ, ചെമ്മനം ചാക്കോ, മലയാറ്റൂർ രാമകൃഷ്ണൻ, ജഗതി എൻ കെ ആചാരി, കെ ജി സേതുനാഥ് എന്നിവരുമായി ചേർന്ന് സ്ഥാപിച്ചു. 1924 ജൂൺ 20ന് പത്തനാപുരം നടുക്കുന്നിൽ പഴനിയാപിള്ള, പൊന്നമ്മാൾ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യകാലത്ത് അച്ഛൻ നഷ്ടപ്പെട്ട സുബയ്യാപിള്ളയെ അമ്മയാണ് വളർത്തിയത്. ആവണീശ്വരം സ്കൂൾ, പത്തനാപുരം ഹൈസ്കൂൾ എന്നിവടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം, ആലുവാ യു സി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായി പഠിച്ച് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. ആലുവാ യു. സി കോളജിൽ പി കെ വി മലയാറ്റൂർ, പി ഗോവിന്ദപിള്ള തുടങ്ങിയവർ സതീർത്ഥരായിരുന്നു. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ സാഹിത്യ രചനയിലേർപ്പെട്ടു. സ്കൂൾ പഠന കാലത്ത് കവിതകളെഴുതി. 1945ൽ പ്രഭാതം വാരികയിൽ പ്രസിദ്ധീകരിച്ച കോളജ് വിദ്യാർത്ഥിനിയാണ് ആദ്യ ഹാസ്യ ലേഖനം.
മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച കുതിരവണ്ടിയാണ് ആദ്യ കഥ. വിദ്യാഭ്യാസത്തിനു ശേഷം പുനലൂർ പേപ്പർ മിൽ സൂപ്പർ വൈസറായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് അധ്യാപകനായി. 1949ൽ സെക്രെട്ടറിയറ്റിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. 1979ൽ ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി ആയി വിരമിച്ചു. 1970ൽ അച്യുതമോനോൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഭരണഭാഷ മലയാളമാക്കുന്നതിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങളിൽ സഹായി ആയി. സർവീസിൽ പ്രവേശിച്ചതിനു ശേഷം തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയ സുബയ്യാപിള്ള 2003 സെപ്റ്റംബര്‍ ഒമ്പതിന് അന്തരിച്ചു. ഭാര്യയുടെയും, മകന്റെയും മരുമകന്റെയും അകാലത്തിലുണ്ടായ വേർപാടുകൾ അവസാനകാലത്ത് അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. മരണം വരെയും ജന്മദേശമായ പത്തനാപുരവുമായുളള ബന്ധം നിലനിർത്തിയിരുന്നു.
അഞ്ച് പതിറ്റാണ്ടു കാലം മലയാള സാഹിത്യത്തിന് മികച്ച സംഭാവന നല്കിയ പി സുബയ്യാപിള്ളയെ സാഹിത്യ ലോകം മറന്നിരിക്കുന്നു. പി സുബയ്യാപിള്ളയുടെ ഓർമകളും സാഹിത്യരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകളും പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനും ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ പത്താനപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുകയാണ്. സെപ്റ്റംബർ 10 മുതൽ അടുത്ത ജൂൺ 20 വരെയാണ് ജന്മശതാബ്ദി ആഘോഷങ്ങള്‍ എല്ലാപേരെയും ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഒടുവിൽ സ്വന്തം വേദനയിൽ ഉൾവലിഞ്ഞ് ലോകത്തോട് വിട പറഞ്ഞ ഹാസ്യ കഥാ സമ്രാട്ടിനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ചരിത്രപരമായ കടമയാണ് പി സുബയ്യാപിള്ള ജന്മശതാബ്ദി ആഘോഷങ്ങളിലൂടെ പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുത്തിട്ടുള്ളത്.