Site iconSite icon Janayugom Online

ചൈനയില്‍ ജനനനിരക്കില്‍ വീണ്ടും ഇടിവ്

മൂന്നു കുട്ടികള്‍ വരെയാകാമെന്ന് നിയമം പരിഷ്കരിച്ചിട്ടും ജനനനിരക്കില്‍ ചൈന ഏറെ പിന്നോട്ടുപോകുന്നതായി കണക്കുകൾ. ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021 ൽ ആയിരം പേർക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. തൊട്ടു മുന്‍പത്തെ വര്‍ഷം ഇത് ആയിരം പേർക്ക് 8.52 എന്ന തോതിലായിരുന്നു. 

ജനസംഖ്യ കുറയുന്നതിനെ മറികടക്കാൻ മൂന്നുകുട്ടികൾ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ ഓഗസ്റ്റിൽ ചൈന അംഗീകാരം നൽകിയിരുന്നു. ജനസംഖ്യ കണക്കെടുപ്പിൽ ജനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടർന്നാണ് ചൈന നിയമം തിരുത്തിയെഴുതിയത്. ഉയർന്ന ജോലി സമ്മർദം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ഉയര്‍ന്ന ജീവിത ചെലവ് തുടങ്ങിയ ഘടകങ്ങള്‍ ജനനനിരക്കിനെ സ്വാധീനിച്ചതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ബാധ്യതയാകുമെന്ന് കരുതിയാണ് പല ദമ്പതികളും ഒന്നിലധികം കുട്ടികളെന്ന ആഗ്രഹം ഉപേക്ഷിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി നടപ്പാക്കിയ ഒറ്റക്കുട്ടി നയം 400 ദശലക്ഷത്തികം ജനനങ്ങൾ തടഞ്ഞുവെന്നാണ് ചൈനീസ് അധികൃതരുടെ അവകാശവാദം. 

ENGLISH SUMMARY:Birth rates through­out Chi­na fall sharply
You may also like this video

Exit mobile version