ഇന്ത്യയിലെ പ്രമുഖ യൂട്യൂബര്‍ കാന്‍പൂര്‍ സ്വദേശി ഗൗരവ് തനേജയെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ജന്മദിനം ആഘോഷിക്കാന്‍ മെട്രോ സ്റ്റേഷനില്‍ ഒത്തുകൂടണമെന്ന് ആരാധകരോട് ആഹ്വാനം ചെയ്ത് കൊണ്ട് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ തനേജ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ നോയിഡ സെക്ടര്‍ 51 മെട്രോ സ്റ്റേഷനില്‍ തടിച്ചുകൂടുകയായിരുന്നു. ജനക്കൂട്ടം വലിയ തോതിലെത്തിയതോടെ മെട്രോ സ്റ്റേഷന്‍ ഭാഗത്ത് വന്‍ ട്രാഫിക്ക് കുരുക്കും ഉണ്ടായി. തിക്കിലും തിരക്കിലും പെട്ട് നിരവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി തനേജ മെട്രോ കോച്ച് ബുക്ക് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇത്തരം പരിപാടികള്‍ക്കായി ഒരു ട്രെയിനില്‍ നാല് കോച്ചുകള്‍ വരെ ബുക്ക് ചെയ്യാന്‍ നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കുന്നുണ്ട്. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ഗൗരവിനെ ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരെ എഫ്ഐആറും ഫയല്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 188, 341 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന വ്ളോഗേഴ്സില്‍ ഒരാളാണ് ഗൗരവ് തനേജ. മൂന്ന് യൂട്യൂബ് ചാനലുകളിലൂടെ ദശലക്ഷക്കണക്കിന് സബ്സ്‌ക്രൈബര്‍മാരുണ്ട് ‘ഫ്ളൈയിംഗ് ബീസ്റ്റ്’, ‘ഫിറ്റ് മസില്‍ ടിവി’, ‘റാസ്ഭാരി കേ പാപ്പാ’, എന്നീ ചാനലുകളിലൂടെ ലൈഫ് സ്റ്റൈല്‍ ഫിറ്റ്നസ് വിഡിയോയാണ് തനേജ പങ്കുവെയ്ക്കാറുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ ഏതാണ്ട് 3.3 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് തനേജക്കുള്ളത്.
English summary; Birthday celebration at metro station; YouTuber arrested
You may also like this video;