Site iconSite icon Janayugom Online

ജന്മദിന പാർട്ടിക്ക് പിന്നാലെ ക്രൂരത; ഉദയ്പൂരിൽ ഐടി മാനേജറെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു

രാജസ്ഥാനിലെ ഉദയ്പൂരിൽ സ്വകാര്യ ഐടി കമ്പനി മാനേജരായ യുവതിയെ ഓടുന്ന കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. ഡിസംബർ 20 ന് നടന്ന പിറന്നാൾ പാർട്ടിക്ക് ശേഷം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സിഇഒ) വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഭർത്താവും ചേർന്ന് തന്നെ കാറിൽ കൊണ്ടുപോയതായി യുവതി ആരോപിച്ചു. യുവതി രാത്രി 9 മണിയോടെയാണ് പാർട്ടിയിൽ എത്തിയത്. അവിടെയുണ്ടായിരുന്നവർ മദ്യപിച്ചിരുന്നു. യുവതിയും മദ്യപിച്ചിരുന്നു. പുലർച്ചെ 1:30 വരെ നീണ്ടുനിന്ന പാർട്ടിക്ക് ശേഷം വീട്ടിലാക്കാമെന്ന് പറഞ്ഞ് പ്രതികൾ യുവതിയെ കാറിൽ കയറ്റുകയായിരുന്നു. കാറിൽ വച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രതികൾ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനാ റിപ്പോർട്ടും മൊഴികളും ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദയ്പൂർ പൊലീസ് സൂപ്രണ്ട് (എസ്പി) യോഗേഷ് ഗോയൽ പറഞ്ഞു.

Exit mobile version