Site iconSite icon Janayugom Online

ധർമ്മശാലയിലും കാട്ടുപോത്തിനെ കണ്ടെത്തി

ആന്തൂർ നഗരസഭാ ആസ്ഥാനമായ ധർമ്മശാലയിലും കാട്ടുപോത്തിനെ കണ്ടെത്തി. ചൊവ്വാഴ്ച്ച രാത്രി 10.30ഓടെ ധർമ്മശാല നിഫ്‌റ്റിന്റെ പരിസരത്തും സമീപത്തെ ശ്മശാനത്തിലുമാണ് ജനങ്ങൾ കാട്ടു പോത്തിനെ കണ്ടത്. ധർമ്മശാല നിഫ്‌റ്റ് കോമ്പൗണ്ടിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്.വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലിസ് എസ് ഐ : ജയ്മോൻ ജോർജിന്റെ നേതൃത്വത്തിൽ പൊലീസും തളിപ്പറമ്പ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കാട്ടുപോത്ത് ഇവിടെ നിന്നും നീങ്ങി സമീപത്തെ ശ്‌മശാനത്തിന്റെ ഗേറ്റ് തകർത്ത് കുറ്റിക്കാട് നിറഞ്ഞ ശ്മശാനത്തിൽ കയറി. ബുധനാഴ്ച പുലർച്ചെ 2.30 വരെ കാട്ടുപോത്തിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2.30 ഓടെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് നിന്ന് മാറി. 

പ്രദേശത്ത് വനം വകുപ്പിന്റെ വാച്ചർമാരായ ഷാജി, റിയാസ് മാങ്ങാട് എന്നിവരെ നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടുപോത്ത് ഇവിടെ നിന്നും മറ്റെവിടേക്കോ മാറിയെന്നാണ് കരുതുന്നത്. അതിവേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള വന്യമൃഗമാണ് കാട്ടുപോത്ത്.കഴിഞ്ഞ ദിവസം കരിമ്പം ഭാഗത്തും കാട്ടുപോത്തിനെ കണ്ടിരുന്നു.കഴിഞ്ഞ 28ന് രാത്രി 11.40 ഓടെ തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാനപാതയിൽ പനക്കാടാണ് കാട്ടുപോത്തിനെ കാണപ്പെട്ടത്.
പട്ടുവത്ത് നിന്നും തെയ്യം കണ്ട് മടങ്ങുകയായിരുന്നവരാണ് ഇതിനെ കണ്ടത്. തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഈ പോത്ത് തന്നെയാണ് ധർമ്മശാല ഭാഗത്തെത്തിയതെന്നാണ് കരുതുന്നത്.പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടായതോടെ ജനങ്ങൾ ഭീതിയിലാണ് ഉള്ളതെന്ന് ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അഭിപ്രായപ്പെട്ടു.

Exit mobile version