Site iconSite icon Janayugom Online

ബിയാസ്

biyasbiyas

ന്തൊരൂക്കോടെ കുന്നിറക്കം
അടവൊത്തൊരഭ്യാസിപോൽ മെയ് വഴക്കവും!
അച്ഛനുഗ്രപ്രതാപിയാണെന്ന
ഹുങ്കത്രമേലുണ്ടെടുപ്പിൽ; നടപ്പിലും
മാറിലൂക്കൻ കരിങ്കല്ലുമാലയും
മെയ്യിലാകെ കുളിർപതക്കങ്ങളും
വെണ്ണിലാവുൺമയാമുടൽചന്തവും
വെള്ളിയാടയും വെള്ളിച്ചിലങ്കയും
തുള്ളിയാർത്തു ചിരിത്തിളക്കങ്ങളും
ഉള്ളിലൂഷ്മളഭാവദലങ്ങളും
കണ്ണിലാകെ വിരിഞ്ഞ സ്വപ്നങ്ങളും
ജന്മനാടിന്നനാദിവൃത്താന്തവും.
ഏറെ ഉന്മാദിയാണിവളെങ്കിലും
സ്നേഹഗംഗയായ് വന്നു ‘മണാലി‘യിൽ
സ്വച്ഛശാന്തം പടർന്നൊഴുകി തളിർ -
പ്പച്ച വാരി വിരിച്ചാ തടങ്ങളെ
സ്വർഗ്ഗഭൂമിയായ് തീർക്കുന്നു, പിന്നെയാ
മാറിലൂടെ തുഴയെറിഞ്ഞെത്രയോ
ജീവിതങ്ങളെ പോറ്റുന്നു നിത്യവും
പണ്ടുമീമണ്ണിലാധിപത്യത്തിനായ്
വന്നതിക്രമം കാട്ടിയ വൈരിയെ*
വിശ്വരൂപം പുറത്തെടുത്തല്ലേ നീ
പേടിയാക്കി തിരിച്ചയച്ചൂ ബിയാസ്
പെറ്റു വീണോരനാദിയാം നാൾ മുതൽ-
ക്കെന്നുമീ മണ്ണിൻ കാവലാളാകവേ
വച്ചു നീട്ടുന്നിരുകരയാകെയും
ഉറ്റവൾക്കായ് സമൃദ്ധിതൻ കായ്ഫലം!
നല്ലിനിപ്പിൻ കനികളതൊക്കെയും
കണ്ടു കൺകുളിർത്തുള്ളംനിറഞ്ഞവൾ
കർമ്മപാതകൾ താണ്ടുവാൻ ബാക്കിയു-
ണ്ടേറെയെന്ന് തിടുക്കപ്പെടുകയായ്
മട്ടു മാറി പൊടുന്നനെ പർവ്വത -
ച്ചോട്ടിലൂടെ കുതിക്കുന്നു; സത് ലജിൽ
ചെന്നൊടുങ്ങിടും മുൻപിളവേൽക്കുവാൻ
തെല്ലുപോലും സമയമില്ലെന്നപോൽ!
ഇങ്ങനാണ് പുഴ പിറക്കുന്നതും
ചെന്ന് ചെന്ന് സമാധിയാവുന്നതും
തമ്മിലുള്ളിടവേളയിൽ ജീവിതം
നല്ലപോലെ വരച്ചു വയ്ക്കുന്നതും.
********
ബിയാസ് — ഹിമാലയൻ താഴ്‌വരയായ റോഹ്താങ് പാmfൽ നിന്നും മഞ്ഞുരുകി രൂപം കൊള്ളുന്ന നദി.
വൈരി* — അലക്സാണ്ടർ ദി ഗ്രേറ്റ്

Exit mobile version