Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ ബിജെപി വാക്കുമാറ്റി; ലഡ്കി ബഹന്‍ യോജന ആനുകൂല്യം ഇനി 500 മാത്രം

മഹായുതി സഖ്യം അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ നല്‍കുമെന്ന വാഗ്ദാനം ലംഘിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഗുണഭോക്തൃ പട്ടികയില്‍ കടുംവെട്ട് നടത്തിയ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ യോജന തുക 500 ആയി വെട്ടിക്കുറച്ചും സ്ത്രീ വോട്ടര്‍മാരെ കബളിപ്പിച്ചു.
മറ്റൊരു സര്‍ക്കാര്‍ പദ്ധതിയായ നമോ ഷേത്കാരി മഹാസമ്മാന്‍ നിധി (എന്‍എസ്എംഎന്‍) പദ്ധതി വഴി ലഭിക്കുന്ന 1000 രൂപ ചൂണ്ടിക്കാട്ടിയാണ് മഹായുതി സര്‍ക്കാര്‍ ലഡ്കി ബഹന്‍ തുക 500 ആയി നിജപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പ്രധാന വാഗ്ദാനമായിരുന്നു ലഡ്കി ബഹന്‍ പദ്ധതി. പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറില്‍ 2.63 കോടി അപേക്ഷകളാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്. തുടര്‍ന്ന് സൂക്ഷ്മപരിശോധനയുടെ മറവില്‍ 11 ലക്ഷം പേരെ ഒഴിവാക്കി 2.52 കോടി അര്‍ഹരെ കണ്ടെത്തി.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍‍ 2.46 കോടി പേര്‍ക്ക് ആദ്യഘട്ടത്തില്‍ 1,500 രൂപ വിതരണം ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുണഭോക്താക്കളുടെ എണ്ണം 15 ലക്ഷത്തില്‍ താഴെയാക്കി. ഇവര്‍ക്കാണ് പ്രതിമാസം 500 രൂപ വിതരണം ചെയ്യാന്‍ ഫഡ്നാവിസ് സര്‍ക്കാര്‍ തീരുമാനിച്ചത്. 2025–26 സാമ്പത്തിക വര്‍ഷം ലഡ്കി ബഹന്‍ യോജന പദ്ധതിക്ക് ബജറ്റില്‍ വകയിരുത്തിയ 46,000 കോടി രൂപ 36,000 കോടിയായി അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍എസ്എംഎന്‍ പദ്ധതിയുടെ പേരില്‍ ലഡ്കി ബഹന്‍ പദ്ധതി തുക 500 ആയി പരിമിതപ്പെടുത്തിയത്. 

ബിജെപി സഖ്യത്തെ അധികാരത്തിലെത്താന്‍ സഹായിച്ച ലഡ്കി ബഹന്‍ പദ്ധതി തുകയില്‍ വെട്ടിക്കുറവ് വരുത്തിയത് വ്യാപക പ്രതിഷേധത്തിന് കാരണമായി. തെരഞ്ഞെടുപ്പില്‍ തങ്ങളെ മഹായുതി സഖ്യം ചട്ടുകമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് സ്ത്രീകളുടെ അഭിപ്രായം. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ മഹാവികാസ് അഘാഡിയും പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും പദ്ധതി വിജയകരമായി നടത്തിയ ചരിത്രം ബിജെപിക്ക് ഇല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരാമര്‍ശം.

Exit mobile version