Site iconSite icon Janayugom Online

കര്‍ണ്ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍; മന്ത്രിസഭ അഴിച്ചുപണിയിലേക്ക്

ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കര്‍ണ്ണാടയില്‍ പാര്‍ട്ടി വന്‍ പ്രതിസന്ധിയില്‍. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങുവാന്‍ പോകുന്നതായി പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചയാകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരില്‍ വീണ്ടും അഴിച്ചുപണിക്ക് സാധ്യത.ബസവരാജ് ബൊമ്മയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ണാടകയില്‍ എത്തിയതിന് പിന്നാലെയാണ് ബസവരാജ ബൊമ്മയെ മാറ്റും എന്ന വാര്‍ത്തകള്‍ വന്നത്.കര്‍ണാടകയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങള്‍ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന കാര്യത്തില്‍ ബിജെപിക്ക് ഭയമുണ്ട്സംസ്ഥാന നേതൃത്വങ്ങളില്‍ മൊത്തത്തിലുള്ള മാറ്റങ്ങള്‍ നടപ്പാക്കാനുള്ള ധൈര്യവും കരുത്തും ബിജെപി നേതൃത്വത്തിനുണ്ടെന്ന് ഡല്‍ഹിയിലെയും ഗുജറാത്തിലെയും പ്രാദേശിക തെരഞ്ഞെടുപ്പുകളെ ഉദ്ധരിച്ച് പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍.സന്തോഷ് പറഞ്ഞിരുന്നു.

ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് ഞാന്‍ പറയുന്നില്ല, എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ബിജെപിക്ക് കഴിയും. പാര്‍ട്ടിയിലുള്ള ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ടാണ് ഈ തീരുമാനങ്ങള്‍ സാധ്യമായത്, ഗുജറാത്തില്‍. മുഖ്യമന്ത്രിയെ മാറ്റി, മന്ത്രിസഭയെ മുഴുവന്‍ മാറ്റി, പുതുമ പകരുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത് പരാതികള്‍ കൊണ്ടല്ല സന്തോഷ് പറഞ്ഞു.രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം തവണയും അധികാരത്തിലെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടാം തവണയും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന്റെ വെല്ലുവിളി ഇവിടെയുള്ളവര്‍ക്ക് അറിയാം. ഭരണവിരുദ്ധത കൂടുതല്‍ ശക്തമാകുന്നു, സന്തോഷ് കൂട്ടിച്ചേര്‍ത്തു.ഇതിന് പിന്നാലെയാണ് കര്‍ണാടകയില്‍ മാറ്റം ഉണ്ടായേക്കാമെന്ന ചര്‍ച്ചകള്‍ വന്നത്. യെദിയൂരപ്പയെ മാറ്റിക്കൊണ്ടാണ് ബിജെപി ബസവരാജയെ മുഖ്യമന്ത്രിയാക്കിയത്.

ഏറെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും നേതൃത്വം ഉറച്ച തീരുമാനം എടുക്കുകയായിരുന്നു.കര്‍ണാടകത്തില്‍ മന്ത്രിസഭ നേരത്തെ മാറിയെങ്കിലും പ്രശ്‌നങ്ങള്‍ തീരുന്നില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്നെ പുറത്താവുമെന്നാണ് പുറത്തുവരുന്ന സൂചന. യെഡിയൂരപ്പ രാജിവെച്ച ശേഷമാണ് ബൊമ്മൈ മുഖ്യമന്ത്രിയാവുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഒന്‍പത് മാസങ്ങള്‍ ബിജെപിയെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ഇതോടെ അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനങ്ങളാണ് നടക്കുന്നത്.

തുടര്‍ച്ചയായ വിവാദങ്ങള്‍ ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. മന്ത്രി ഈശ്വരപ്പയുടെ രാജിയും, ഹിജാബ് വിവാദവും, എല്ലാം വലിയ പ്രശ്‌നങ്ങളായിരുന്നു. ഇത് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബിജെപി നേതൃത്വം നിലവില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് പറയുന്നത്. കേന്ദ്ര മന്ത്രി അമിത് ഷാ ബെംഗളൂരുവിലെത്തിയതു തന്നെ . മാറ്റത്തിനുള്ള സൂചനയായി കാണുന്നവര്‍ നിരവധിയാണ്. സംസ്ഥാന നേതൃത്വത്തെ മാറ്റാനുള്ള കരുത്ത് പൊതുവേ ദേശീയ നേതൃത്വം കാണിക്കാറുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ ഉള്ളതിനാല്‍ മാറ്റാനുള്ള സാധ്യതയും ശക്തമാണ്. ഗുജറാത്തില്‍ നേരത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണിയെ മാറ്റിയിരുന്നു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ തീരുമാനം വന്നത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ബൊമൈ മാറാന്‍ സാധ്യതയേറെയാണ്.

മന്ത്രിസഭയില്‍ അടക്കം പുതുമുഖങ്ങളെ കൊണ്ടുവന്ന് ഭരണവിരുദ്ധ വികാരങ്ങളെ മറികടക്കാനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ ബൊമ്മൈക്കെതിരെ പരാതികളൊന്നുമില്ല. പക്ഷേ ന്യൂനപക്ഷങ്ങളും ലിംഗായത്തുകളും ഇതിനോടകം ഇടഞ്ഞ് നില്‍ക്കുകയാണ്. കര്‍ണാടകത്തില്‍ ഭരണതുടര്‍ച്ച എന്നത് അസാധ്യമായ കാര്യമാണ്. ഇതിന് പുറമേ ബിജെപി എങ്ങനെ കോണ്‍ഗ്രസ് വെല്ലുവിളിയെ നേരിടുമെന്നതും നിര്‍ണായകമാണ്. എന്നാല്‍ അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല ബൊമ്മൈ. ഗുജറാത്ത് മോഡല്‍ ക്ലീന്‍ അപ്പാണ് വരുന്നതെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.ഈ സമയം ബൊമ്മൈയെ മാറ്റുന്നത് വലിയ റിസ്‌കായിരിക്കുമെന്നാണ് സൂചന. മാസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും, സര്‍ക്കാര്‍ വീഴുകയും ചെയ്‌തേക്കാം.

നേരത്തെ വിജയ് രൂപാണിയെ മാത്രമല്ല, മന്ത്രിസഭയെ ഒന്നാകെ മാറ്റിയിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണവിരുദ്ധ വികാരത്തെ ഇല്ലാതാക്കാനായിരുന്നു. കര്‍ണാടകത്തില്‍ ബിജെപിയുടെ പല എംഎല്‍എമാരും, കോണ്‍ഗ്രസില്‍ നിന്നോ ജെഡിഎസ്സില്‍ നിന്നോ കൂറുമാറി വന്നവരാണ്. മന്ത്രിസഭയെ ഒന്നാകെ മാറ്റിയാല്‍ അതോടെ സര്‍ക്കാര്‍ വീഴും. അതുകൊണ്ട് തന്ത്രം മാറ്റി പരീക്ഷിക്കുകയാണ് ബിജെപി. ബൊമ്മൈ വളരെ സൂക്ഷിച്ച് മാത്രമാണ് പ്രതികരണവും നടത്തുന്നത്. അതേസമയം കര്‍ണാടകത്തില്‍ മാറ്റമുണ്ടാവുമെന്ന വാദത്തെ യെഡിയൂരപ്പ തള്ളി. ബൊമ്മൈ മികച്ച രീതിയിലാണ് ഭരിക്കുന്നതെന്നും, അദ്ദേഹം മാറില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

ഖേലോ യൂണിവേഴ്‌സിറ്റി ഗെയിംസ് ഉദ്ഘാടനത്തിനാണ് അമിത് ഷാ ബെംഗളൂരുവിലേക്ക് വരുന്നത്. ഇതിനൊപ്പം ലിംഗായത്തുകളുടെ ആത്മീയാചാര്യന്‍ ബസവണ്ണയ്ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. അമിത് ഷായെ താന്‍ കാണുന്നുണ്ടെന്ന് യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അറിയാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടെന്ന് യെഡ്ഡി വ്യക്തമാക്കി.

കര്‍ണാടകത്തിനാണ് പ്രധാനമന്ത്രിയും അമിത് ഷായും പ്രാധാന്യം നല്‍കുന്നതെന്നും ഇവര്‍ യെഡിയൂരപ്പ അറിയിച്ചു.കര്‍ണാടകത്തില്‍ 150 സീറ്റ് ബിജെപിക്ക് നേടുന്നതിനെ കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത്. അതിനുള്ള നിര്‍ദേശങ്ങളും അദ്ദേഹം നല്‍കുമെന്ന് യെഡിയൂരപ്പ വ്യക്തമാക്കി.

മുഖ്യമന്ത്രി മാറില്ലെന്ന് മാത്രം ഈ ഘട്ടത്തില്‍ പറയാമെന്നും യെഡിയൂരപ്പ പഞ്ഞു. അതേസമയം മന്ത്രിസഭയിലേക്ക് പുതുമുഖങ്ങള്‍ വരുമെന്നാണ് സൂചന. ചില സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്നും സൂചനയുണ്ട്. അത് ബിജെപിയെ തളര്‍ത്താനാണ് സാധ്യത.

Eng­lish Summary:BJP gov­ern­ment in cri­sis in Kar­nata­ka; Cab­i­net to be dismantled

You may also like this video:

Exit mobile version