Site icon Janayugom Online

അതിരുവിട്ട പ്രസംഗം: പി സി ജോർജിനെ പ്രചാരണത്തില്‍ നിന്ന് മാറ്റാനൊരുങ്ങി ബിജെപി

p c george

പ്രസംഗങ്ങളിൽ വിവാദങ്ങൾ തുടർക്കഥയായതോടെ പി സി ജോർജിനെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ ബിജെപി. അടുത്തിടെ ജോർജ് പങ്കെടുത്ത പരിപാടികളെല്ലാം വിവാദമായിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ വലിയ തോതിൽ തിരിച്ചടിയാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. 

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്നതിനിടെ ബിഡിജെഎസിനോട് വിദ്വേഷ മനോഭാവവുമായി മുന്നോട്ടുപോകുന്ന ജോർജിന്റെ നിലപാടുകളും എൻഡിഎയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബിജെപി നേതൃത്വം വിലയിരുത്തുന്നു. കോഴിക്കോട്ട് നടത്തിയ പ്രസംഗത്തിൽ പി സി ജോർജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല എന്നൊക്കെയായിരുന്നു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ ജോർജ് പറഞ്ഞത്. ഇതിനെതിരെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് നൽകിയ പരാതിയിലാണ് കമ്മിഷൻ കേസെടുത്തത്. ഒരു പ്രദേശത്തെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് മോശം പരാമർശം നടത്തിയതിന് മാഹി പൊലീസും വിവിധ വകുപ്പുകളിൽ കേസെടുത്തിട്ടുണ്ട്. പ്രതിഷേധം ശക്തമായപ്പോൾ ബിജെപി മാഹി ഘടകം പിസി ജോർജിനെ തള്ളിപ്പറയുകയും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തു. ഇതിനൊപ്പമാണ് ബിഡിജെഎസും ജോർജും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നത്. ഇത് പരിഹരിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇരുകൂട്ടരും തയ്യാറായിട്ടില്ല. പി സി ജോർജ് നിലപാട് മാറ്റാതെ അദ്ദേഹവുമായി അടുപ്പം പുലർത്താൻ കഴിയില്ലെന്ന് തന്നെയാണ് ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കുന്നത്. 

പത്തനംതിട്ട സീറ്റ് ലക്ഷ്യമിട്ടായിരുന്നു പി സി ജോർജിന്റെ നീക്കങ്ങൾ. എന്നാൽ അനിൽ ആന്റണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ അദ്ദേഹം നിരാശനായി. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയുടെ വരവും ജോർജിന് വലിയ തിരിച്ചടിയായി. കോട്ടയത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് ജോർജിനെ വിളിച്ചിരുന്നില്ല. എൻഡിഎ കൺവെൻഷനിലേക്കും ക്ഷണമുണ്ടായിരുന്നില്ല.
അനിൽ ആന്റണിക്കെതിരെ പി സി ജോർജ് നടത്തിയ പരാമർശത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് ബിഡിജെഎസ് പരാതി നൽകിയിട്ടുണ്ട്. തന്നെ മത്സരിപ്പിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും ഇടപെട്ടുവെന്ന ജോർജിന്റെ പരാമർശവും വിവാദമായിരുന്നു. എൻഡിഎയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവും എൻഡിഎയിൽ പ്രശ്നങ്ങൾക്കിടയാക്കിയിട്ടുണ്ട്. ക്രിസ്ത്യൻ വോട്ട് ഉൾപ്പെടെ പ്രതീക്ഷിച്ച് ചില കേന്ദ്രങ്ങളിൽ പി സി ജോർജിനെ പ്രചരണത്തിന് അയച്ചെങ്കിലും അതും തിരിച്ചടിയാകുമെന്നാണ് ബിജെപി നേതൃത്വമിപ്പോൾ വിലയിരുത്തുന്നത്. തങ്ങളുടെ മണ്ഡലങ്ങളിൽ പി സി ജോർജ് വേണ്ടെന്ന് ബിഡിജെഎസും തൃശൂരിൽ പ്രചരണത്തിന് പി സി ജോർജിനെ ആവശ്യമില്ലെന്ന് സുരേഷ് ഗോപിയും വ്യക്തമാക്കിയിട്ടുണ്ട്. അപകടം തിരിച്ചറിഞ്ഞ പല സ്ഥാനാർത്ഥികളും പി സി ജോർജ് പ്രചാരണ പരിപാടികൾക്ക് എത്തുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക ബിജെപി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. 

ഭാഷയിൽ മിതത്വം പാലിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും തനിക്ക് ബാധകമല്ലെന്ന തരത്തിലാണ് പി സി ജോർജിന്റെ നീക്കങ്ങൾ. ഈ സാഹചര്യത്തിലാണ് ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടെ പി സി ജോർജിനെ വിലക്കാന്‍ ബിജെപി നേതൃത്വം നിർബന്ധിതമാകുന്നത്. 

Eng­lish Sum­ma­ry: BJP is ready to remove PC George from the campaign

You may also like this video

Exit mobile version