ബിജെപി നേതാവും ഡല്‍ഹി നിയമമന്ത്രിയുമായ കപിൽ മിശ്ര 2020ൽ നടത്തിയ ‘മിനി പാകിസ്ഥാൻ’ പരാമർശത്തിനെതിരായ കേസിൽ ഡൽഹി ഹൈക്കോടതി വിചാരണ മാറ്റിവച്ചു. ഒക്ടോബർ 13ന് ശേഷം കേസ് പരിഗണിക്കാൻ വിചാരണ ജഡ്ജിയോട് കോടതി ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഷഹീൻ ബാഗിൽ പ്രതിപക്ഷ പാർട്ടികൾ ഒരു മിനി പാകിസ്ഥാൻ സൃഷ്ടിച്ചുവെന്ന് കപിൽ മിശ്ര സമൂഹമാധ്യമത്തില്‍ നടത്തിയ പോസ്റ്റിനെതിരെയുള്ള കേസിലാണ് വാദം കേൾക്കുന്നത് മാറ്റിവയ്ക്കാൻ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് രവീന്ദർ ദുദേജ വിചാരണ കോടതിയോട് ആവശ്യപ്പെട്ടത്.
2019 അവസാനത്തിലും 2020ലും ഡൽഹിയിലെ ഷഹീൻ ബാഗ് പ്രദേശത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ വലിയ സമരം നടന്നിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ തെരുവുകളിൽ ‘ഇന്ത്യ — പാകിസ്ഥാൻ’ മത്സരം നടക്കുമെന്ന് മിശ്ര എഴുതിയ സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് കൂടിയാണ് കേസെടുത്തത്.
2020ലെ കേസിൽ മജിസ്ട്രേറ്റ് അയച്ച സമൻസിനെതിരെ മിശ്ര ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 പ്രകാരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യത്യസ്തവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നാണ് കേസ് . 2023 നവംബറിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഡൽഹി പൊലീസ് രണ്ടാമത്തെ അനുബന്ധ കുറ്റപത്രവും ഓഗസ്റ്റ് ഒന്നിന് മൂന്നാമത്തെ കുറ്റപത്രവും വിചാരണ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയായതായും പൊലീസ് പറഞ്ഞു.
കുറ്റപത്രത്തിൽ പറഞ്ഞതുപോലെ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സ് ഫയലുകൾ ഡൗൺലോഡ് ചെയ്യാനും വീണ്ടെടുക്കാനും ഒരൊറ്റ യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ വഴി മിശ്രയുടെ അക്കൗണ്ടിലേക്ക് ആക്സസ് നൽകിയിരുന്നു. ഡൗൺലോഡ് ചെയ്ത ഫയലുകൾ പൊലീസ് അനുബന്ധ കുറ്റപത്രത്തോടൊപ്പം ചേർത്തിരുന്നു. എന്നിരുന്നാലും ഈ ഫയലുകൾ മനസിലാക്കാനാവാത്തതാണ് എന്നാണ് മിശ്ര ഹൈക്കോടതിയെ അറിയിച്ചത്.
ബിജെപി നേതാവ് കപിൽ മിശ്രയുടെ മിനി പാകിസ്ഥാൻ പരാമർശം: വിചാരണ മാറ്റി

