Site iconSite icon Janayugom Online

വിദ്വേഷ പ്രസംഗങ്ങളില്‍ മുന്നില്‍ ബിജെപി സംഘടനകള്‍

BJPBJP

മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളില്‍ ബിജെപിയും അനുബന്ധ ഗ്രൂപ്പുകളുമാണ് മുന്നിലെന്ന് റിപ്പോര്‍ട്ട്.
2023ന്റെ ആദ്യപകുതിയില്‍ ഇന്ത്യയില്‍ ദിവസം ഒന്നില്‍ക്കൂടുതല്‍ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ നടന്നതായും ഹിന്ദുത്വ വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ മുസ്ലിം വിരുദ്ധ പ്രസംഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളില്‍ വിദ്വേഷ പ്രസ്താവനകള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2017ല്‍ വിദ്വേഷ പ്രസംഗങ്ങളുടെ ഡാറ്റ ശേഖരണം ഇന്ത്യയിലെ ക്രൈംബ്യൂറോ നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാഷിങ്ടണ്‍ ആസ്ഥാനമായുള്ള സംഘമാണ് ഹിന്ദുത്വ വാച്ച്‌. 

മുസ്ലിങ്ങള്‍ക്കെതിരായ 255 വിദ്വേഷ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ മാര്‍ഗരേഖയെ അടിസ്ഥാനമാക്കിയാണ് സംഘം പഠനം നടത്തിയത്. 2023, 24 വര്‍ഷങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് വിദ്വേഷപ്രസംഗത്തിന്റെ 70 ശതമാനവും നടക്കുന്നതെന്ന് പഠനം പറയുന്നു. മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നില്‍. 29 ശതമാനവും മഹാരാഷ്ട്രയിലാണ്.
മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനും സാമൂഹിക‑സാമ്പത്തിക ബഹിഷ്കരണത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളാണ് ഇതില്‍ കൂടുതലും. 64 ശതമാനവും മുസ്ലിങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളാണ്. ഹിന്ദു സ്ത്രീകളെ വിവാഹത്തിലൂടെ മുസ്ലിങ്ങള്‍ മതം മാറ്റുന്നു എന്ന ആരോപണമടക്കം ഇതിലുള്‍പ്പെടും. 33 ശതമാനം മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. 11 ശതമാനം മുസ്ലിങ്ങള്‍ക്കെതിരെയുള്ള ബഹിഷ്കരണ ആഹ്വാനങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു. 80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരിക്കുന്നയിടങ്ങളിലാണെന്നും ഹിന്ദുത്വവാച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2014നു ശേഷം വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിച്ചു. ഈ വര്‍ഷം നടന്ന പകുതിയിലധികം സംഭവങ്ങളിലും ബിജെപിക്കോ ബജ്റംഗ‌്ദള്‍, വിശ്വഹിന്ദു പരിഷത്ത്, സകല ഹിന്ദു സമാജ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കോ പങ്കുണ്ട്. സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം, സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ എന്നിവ കൂടി ശേഖരിച്ചാണ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: BJP orga­ni­za­tions are at the fore­front of hate speeches

You may also like this video

Exit mobile version