Site icon Janayugom Online

ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു; അടൂര്‍ പ്രകാശ് വിജയിച്ചത് ബിജെപിയുടെ വോട്ട് കൊണ്ടെന്ന് വെളിപ്പെടുത്തല്‍

bjp

സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാര വ്യക്തമാക്കുന്ന തെളിവുകള്‍ വീണ്ടും പുറത്തുവന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ബിജെപിയുമായി ധാരണയുണ്ടായിരുന്നെന്ന് സമ്മതിക്കുന്ന ബിജെപി സംസ്ഥാന നേതാവിന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്. 

2019ല്‍ ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് വിജയിച്ചത് തങ്ങളുടെ വോട്ടുകൊണ്ടാണെന്ന് വെളിപ്പെടുത്തിയാണ് ബിജെപി നേതാവ് രംഗത്തെത്തിയത്. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും സംസ്ഥാന ഓഫിസ് സെക്രട്ടറിയുമായ ജയരാജ് കൈമളിന്റെ ഫോൺ സംഭാഷണം സ്വകാര്യ ചാനലിലൂടെയാണ് പുറത്തുവന്നത്. ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ബിജെപി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിയായ അടൂർ പ്രകാശിന് മറിച്ചുവെന്ന് തുറന്നുപറയുന്നു.
കേന്ദ്ര സഹമന്ത്രിയും ആറ്റിങ്ങലിലെ നിലവിലെ ബിജെപി സ്ഥാനാർത്ഥിയുമായ വി മുരളീധരന്റെ അറിവോടെയാണ് വോട്ട് മറിച്ചതെന്നും ജയരാജിന്റെ സംഭാഷണം വ്യക്തമാക്കുന്നു.
അടൂർ പ്രകാശിന്റെ പ്രചാരണത്തിനായി ബിജെപി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നെന്നും ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും ജയരാജ് കൈമൾ വെളിപ്പെടുത്തി. മുരളീധരന്റെ ഏറ്റവും അടുത്ത അനുയായിയാണ് ജയരാജ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ സീറ്റിൽ സ്ഥാനാർത്ഥിയാകാൻ വി മുരളീധരൻ ശ്രമം നടത്തിയെങ്കിലും ശോഭാ സുരേന്ദ്രനാണ് നറുക്ക് വീണത്. തെരഞ്ഞെടുപ്പില്‍ തന്നെ കാലുവാരിയെന്ന് ശോഭാ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. 

2019ന് സമാനമായ രീതിയിൽ ഇത്തവണയും ബിജെപി-കോൺഗ്രസ് നീക്കുപോക്കുകൾ പല സ്ഥലങ്ങളിലും ഉണ്ടെന്ന് ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന കോൺഗ്രസ് നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നതും ആറ്റിങ്ങൽ മണ്ഡലത്തിലായിരുന്നു. എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന നേതാവും കോൺഗ്രസിന്റെ രണ്ട് സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമായ മുണ്ടേല മോഹനന്‍ ബിജെപി സ്ഥാനാർത്ഥി വി മുരളീധരന് വോട്ടുചെയ്യാന്‍ പ്രവര്‍ത്തകനോട് പറയുന്ന ശബ്ദരേഖ രണ്ടാഴ്ച മുമ്പാണ് പുറത്തുവന്നത്. ഒരു തവണകൂടി മോ‍ഡി ഭരണം വരട്ടെയെന്നും അതാണ് നമുക്ക് നല്ലതെന്നുമാണ് മുണ്ടേല മോഹനന്‍ പ്രവര്‍ത്തകനോട് പറഞ്ഞത്. 

Eng­lish Sum­ma­ry: BJP over­turns vote for Con­gress; Reveal­ing that Adoor Prakash won because of BJP’s vote

You may also like this video

Exit mobile version